
ഇസ്ലാമാബാദ് : പാകിസ്ഥാനിലെ കറാച്ചി സർവ്വകലാശാലയിൽ ചാവേർ ആയി പൊട്ടിത്തെറിച്ച ഷാരി ബലൂച് നാടിനും കുടുംബത്തിനും അഭിമാനമാണെന്ന് ഭർത്താവ്. ‘നിന്റെ നിസ്വാർത്ഥമായ പ്രവൃത്തി എന്നെ സ്തബ്ധനാക്കിയെങ്കിലും, ഞാൻ ഇന്ന് അഭിമാനം കൊള്ളുന്നു. മഹ്‌രോച്ചും, മീർ ഹസ്സനും നല്ലവരായി വളരും. അമ്മയുടെ ചെയ്തിയിൽ അവർ എക്കാലവും അഭിമാനം കൊള്ളും. നീ മേലും ഒരു അവിഭാജ്യ ഘടകമായി ഞങ്ങളുടെ ജീവിതത്തിൽ തുടരും’ എന്ന് ഹബീതൻ ബാഷിർ ബലൂച് പറയുന്നു.
സംഭവ ശേഷം, ട്വിറ്ററിലൂടെയാണ് ഭർത്താവ് ഹബീതൻ ബാഷിർ ബലൂച് സന്തോഷ പ്രകടനവുമായി രംഗത്ത് വന്നത്. ഇയാളുടെ പ്രതികരണം പാകിസ്ഥാൻ മാധ്യമങ്ങളിൽ വൈറലാണ്. വിദ്യാസമ്പന്നയാണ് പൊട്ടിത്തെറിച്ച ഷാരി എന്നാണ് പാകിസ്ഥാൻ മാധ്യമങ്ങളിൽ നിന്നും വ്യക്തമാകുന്നത്. സുവോളജിയിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ഷാരി എംഫിലിനായി പരിശ്രമിക്കുകയാണ്. പ്രദേശത്തെ ഒരു സെക്കന്ററി സ്‌കൂളിൽ അധ്യാപികയുമാണ്.
ഇന്നലെയാണ്, കറാച്ചി സർവ്വകലാശാലയ്‌ക്ക് മുൻപിൽ ഷാരി ബലൂച് ചാവേർ ആയി പൊട്ടിത്തെറിച്ചത്. ബലൂച് ലിബറേഷൻ ആർമി സംഘത്തിലെ അംഗമാണ് ഷാരി. സംഭവത്തിന്റെ ഉത്തരവാദിത്വം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തിട്ടുണ്ട്. തങ്ങളുടെ ആദ്യത്തെ വനിതാ ചാവേർ ആണ് ഷാരിയെന്നാണ് ആർമി പറഞ്ഞത്. ചാവേർ ആയി ഇവർ പൊട്ടിത്തെറിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Post Your Comments