ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഒല, ഒകിനാവ, പ്യൂവർ ഇവി എന്നീ കമ്പനികളുടെ ഇലക്ട്രിക് സ്‌കൂട്ടറുകൾ കത്തിയ നാല് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ കമ്പനികൾ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അമിത വേഗത്തിൽ വാഹനോടിച്ചതിനാലാണ് സ്‌കൂട്ടർ അപകടത്തിൽ പെട്ടതെന്നാണ് ഒല നൽകുന്ന വിശദീകരണം. വാഹനത്തിന്റെ കുഴപ്പമില്ലെന്നും, രാത്രി മുഴുവൻ അമിതവേഗതയിൽ വണ്ടി ഓടിച്ച് പരിഭ്രാന്തരായി ബ്രേക്ക് ഇട്ടതിനാൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നുവെന്നാണ് തങ്ങളുടെ അന്വേഷണത്തിൽ മനസിലായതെന്ന് ഒല ഔദ്യോഗിക പ്രസ്താവനയിറക്കി.
സംഭവ സമയത്തെ വാഹനത്തിന്റെ വിശദമായ സ്പീഡ് ഡാറ്റയും കമ്പനി ട്വീറ്റ് ചെയ്തിരുന്നു. സംഭവം നടന്ന സമയം, മൂന്ന് ബ്രേക്കുകളും ഒരുമിച്ച് പ്രയോഗിച്ചു. റോഡിലെ തടസ്സം മൂലമാകാം ഇതെന്നും കമ്പനി പറയുന്നു. എന്നാൽ, പൊടുന്നനെ ബ്രെക്ക് പിടിച്ചപ്പോൾ, 3 സെക്കൻഡിനുള്ളിൽ 80kmph ൽ നിന്ന് 0 kmph ആയി സ്പീഡ് കുറഞ്ഞു. ഉപഭോക്താവിന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമായി ബ്രേക്കിംഗിന് ശേഷം പെട്ടെന്ന് ടോർക്കോ ആക്സിലറേഷനോ നിരീക്ഷിക്കപ്പെടുന്നില്ലെന്ന് ഒല ഇലക്ട്രിക് പറഞ്ഞു.
മാർച്ച് 26 ന് തന്റെ മകന് അപകടമുണ്ടായെന്ന് ആരോപിച്ച് ബൽവന്ത് സിംഗ് എന്ന പിതാവ് ഒലയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. കമ്പനിയുടെ ഔദ്യോഗിക വിശദീകരണത്തെ തള്ളി സിംഗ് രംഗത്ത് വന്നു. തന്റെ മകൻ മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയിലായിരുന്നില്ലെന്നും ബ്രേക്ക് പിടിച്ച സമയത്ത്, അവൻ മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 3 സെക്കൻഡിനുള്ളിൽ സ്പീഡ് 85 ൽ നിന്നും 0 ത്തിലേക്ക് എത്തിയിരുന്നെങ്കിൽ, അവൻ ജീവിച്ചിരിക്കില്ലായിരുന്നുവെന്നും സിംഗ് പറയുന്നു.
ഈ അപകടത്തിൽ മകന്റെ ഇടതുകൈയിൽ പൊട്ടലുകളും വലതുകൈയിൽ 16 തുന്നലുകളും ഉണ്ടായെന്നും, ആജീവനാന്ത വൈകല്യത്തിൽ നിന്ന് ഇടതുകൈയെ രക്ഷിക്കാൻ ശസ്ത്രക്രിയ നടത്താൻ ഗുവാഹത്തിയിൽ നിന്ന് മുംബൈയിലേക്ക് കൊണ്ടുപോകണമെന്നും സിംഗ് പറഞ്ഞിരുന്നു. അപകടത്തിന് ശേഷം ഒല ഇലക്ട്രിക് ടീമിൽ നിന്ന് തനിക്ക് ലഭിച്ചത് മോശം പ്രതികരണമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
Also Read:ഓപ്പറേഷന്‍ മത്സ്യ : മീനിലെ മായം കണ്ടെത്താന്‍ നടപടി കര്‍ശനമാക്കി ആരോഗ്യവകുപ്പ്
അതേസമയം, കഴിഞ്ഞ മാസം ഒല ഇലക്ട്രിക് അതിന്റെ ഇവിയിലുണ്ടായ തീപിടുത്തത്തെ തുടർന്ന് കനത്ത നിരീക്ഷണത്തിലാണ് വാഹനങ്ങൾ. ഹൈദരാബാദില്‍ കഴിഞ്ഞ ദിവസം പ്യുവര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി തീപിടിച്ച് 80 വയസ്സുള്ള ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒല, ഒകിനാവ, ജിതേന്ദ്ര ഇവി സ്‌കൂട്ടറുകള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയിലുടനീളം ഇത്തരം നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നേരത്തെ, ഇലക്ട്രിക് സ്‌കൂട്ടറുകളിലെ ബാറ്ററികള്‍ പൊട്ടിത്തെറിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി രംഗത്ത് വന്നിരുന്നു. എന്തുകൊണ്ടാണ് ഇത്തരം തകരാറുകള്‍ ഉണ്ടാകുന്നതെന്ന് കണ്ടുപിടിക്കണമെന്നും ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം കൊണ്ടുവരുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, അശ്രദ്ധ കാണിക്കുന്ന കമ്പനികള്‍ക്ക് പിഴ ചുമത്തുമെന്നും വിദഗ്ധ സമിതിയുടെ റിപോര്‍ട്ട് ലഭിച്ചതിന് ശേഷം പ്രശ്‌നമുള്ള എല്ലാ വാഹനങ്ങളും തിരിച്ചെടുക്കാന്‍ ഉത്തരവിടുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments