ഇരിട്ടി: നടൻ സുരേഷ്ഗോപി എം.പി. വാക്കുപാലിച്ചപ്പോൾ കേരളത്തിന്റെ മരുമകളായി അസമിൽനിന്നെത്തിയ മുൻമി ഗെഗോയിക്ക് സ്വന്തം വീടെന്ന സ്വപ്നം പൂർത്തിയായി. സുരേഷ് ഗോപിയുടെ കാർമികത്വത്തിൽ ഡോ. പി സലീമിന്റെ സാന്നിധ്യത്തിൽ നിലവിളക്ക് തെളിച്ച് മുൻമിയും കുടുംബവും പുതിയവീട്ടിൽ താമസക്കാരായപ്പോൾ വീടുവെക്കാൻ സ്ഥലം സൗജന്യമായി അനുവദിച്ച ഡോ. പി.സലീമിനും അതിരറ്റ ആഹ്ലാദം . റംസാന്റെ പുണ്യനാളിൽ സ്നേഹത്തിന്റെ അടയാളമാകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യം ആയിരുന്നു അദ്ദേഹത്തിന്.
ഇരിട്ടി പയഞ്ചേരി സ്വദേശിയായ കെ.എൻ.സജേഷിന്റെ ഭാര്യയായാണ് മുൻമി കേരളത്തിലെത്തിയത്. കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പിൽ വികാസ്നഗർ വാർഡിൽ ബി.ജെ.പി. സ്ഥാനാർഥിയായി മുൻമി മത്സരിച്ചിരുന്നു. ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം ദീർഘകാലമായി ഊവ്വാപ്പള്ളിയിലെ വാടകവീട്ടിൽ കഴിയുകയായിരുന്നു മുൻമി. ഇവർക്ക് സ്വന്തമായി ഒരുസെൻറ് ഭൂമിപോലുമില്ലെന്ന വാർത്ത മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു, തുടർന്ന്, ഇവർക്ക് സ്ഥലം കണ്ടെത്താനുള്ള പ്രവർത്തനമായിരുന്നു പിന്നീട്.
ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമം ഫലം കണ്ടു. ഡോ. പി.സലീം തില്ലങ്കേരി കാർക്കോട്ട് സൗജന്യമായി സ്ഥലം നൽകി. കോവിഡ് പ്രതിസന്ധിക്കിടയിലും വീടുനിർമാണം പ്രതിസന്ധയില്ലാതെ നടന്നു. വീടിന് ശ്രീലക്ഷ്മിയെന്ന് പേരും നൽകി. ഡോ. പി.സലീം, വത്സൻ തില്ലങ്കേരി എന്നിവർക്കുപുറമെ ബി.ജെ.പി., ആർ.എസ്.എസ്. നേതാക്കളായ കെ.രഞ്ചിത്ത്, എം.ആർ.സുരേഷ്, ബിജു ഏളക്കുഴി, സത്യൻ കൊമ്മേരി, വി.വി.ജിതിൻ, ഹരിഹരൻ മാവില, എം.മനോജ്, കെ.ജിതിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഒരുമണിക്കൂറോളം കുടുംബാംഗങ്ങൾക്കൊപ്പം ചെലവിട്ട സുരേഷ്ഗോപി ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.
Post Your Comments