കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ സംഘർഷം ശക്തം. പ്രക്ഷോഭങ്ങൾക്കിടെ പ്രതിഷേധക്കാര്‍ക്ക് നേരെ നടന്ന പൊലീസ് വെടിവെപ്പിൽ ഒരാള്‍ മരിച്ചു. കൊളംബോയിൽ നിന്ന് 95 കിലോമീറ്റർ അകലെ റംഭൂക്കാനയിൽ ദേശീയ പാത അടച്ച് പ്രതിഷേധിക്കുകയായിരുന്ന പ്രതിഷേധക്കാർക്ക് നേരെയാണ് പൊലീസ് വെടിയുതിർത്തത്. വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. പ്രതിഷേധങ്ങൾക്കിടെ ശ്രീലങ്കയിൽ ഇതാദ്യമായാണ് ഒരാൾ വെടിയേറ്റ് മരിക്കുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യ തലസ്ഥാനത്തേക്കുള്ള റോഡുകളടച്ച് പ്രതിഷേധക്കാർ പ്രതിഷേധിച്ചു വരികയാണ്. റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചും റോഡില്‍ തടസങ്ങള്‍ സൃഷ്ടിച്ചും വാഹനങ്ങൾ പോകാൻ അനുവദിക്കാതെയാണ് പ്രതിഷേധം. പ്രതിഷേധക്കാർ അക്രമം അഴിച്ചു വിടുകയും തങ്ങൾക്കു നേരെ കല്ലെറിയാൻ ആരംഭിക്കുകയും ചെയ്തതോടെയാണ് വെടിയുതിർത്തത് എന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നു പോകുന്നത്. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും ക്ഷാമത്തിന് പുറമെ, കുതിച്ചുയരുന്ന വിലക്കയറ്റവും മണിക്കൂറുകളോളമുള്ള വൈദ്യുതി മുടക്കവും ജനജീവിതത്തെ വലിയ രീതിയിൽ ബാധിച്ചിരിക്കുകയാണ്. തുടർന്ന്, ഇന്ത്യയടക്കമുള്ള അയൽ രാജ്യങ്ങളിൽ നിന്ന് രാജ്യം സാമ്പത്തിക സഹായം തേടുകയായിരുന്നു. ഇന്ത്യ ഭക്ഷ്യസാമഗ്രികൾ കൊടുത്ത് സഹായിക്കുന്നുമുണ്ട് .
Post Your Comments