കൊല്ലം: കരുനാഗപ്പള്ളിയിൽ ഹോം അപ്ലയൻസ് സ്ഥാപനം ഒരു സംഘം ആളുകൾ തല്ലിത്തകർത്തതിനു പിന്നിൽ കട പ്രവർത്തിക്കുന്ന കെട്ടിട ഉടമയെന്ന് ആരോപണം. കട ഒഴിയാത്തതിനാൽ കെട്ടിട ഉടമ ഇബ്രാഹിം കുട്ടിയുടെ നേതൃത്വത്തിലെത്തിയ നൂറിലധികം പേരാണ് അക്രമം നടത്തിയതെന്ന് കടയുടമ രവീന്ദ്രൻ പറയുന്നു. പൊലീസിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് കടയുടമയുടെ പരാതി. ഇതോടെ, ആഭ്യന്തരവകുപ്പിനെതിരെ വിമർശനങ്ങൾ രൂക്ഷമാണ്.
കരുനാഗപ്പള്ളി പുള്ളിമാൻ ജംക്ഷനിൽ ഏഴു വർഷമായി പ്രവർത്തിക്കുന്ന രശ്മി ഹാപ്പി ഹോം എന്ന സ്ഥാപനമാണ് അക്രമികൾ തല്ലിത്തകർത്തത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഉപകരണങ്ങൾ തകർത്തതിലൂടെ നഷ്ടമായിരിക്കുന്നത്. കടയുടെ ഷട്ടറുകൾ തകർത്ത് അകത്തു കയറി ഇലക്ട്രോണിക് സാധനങ്ങളും ഇന്റീരിയർ വർക്കുകളും നശിപ്പിച്ചു. സിസിടിവിയുടെ ഡിവിആറും കടയിലെ മറ്റു വിലപിടിപ്പുള്ള ഇലക്ട്രോണിക് സാധനങ്ങളും കടത്തിക്കൊണ്ടുപോവുകയും ചെയ്തു.
ദേശീയപാത വികസനത്തിന്റെ ഭാഗമായി കടയുടെ മുൻഭാഗം പൊളിച്ചു നീക്കേണ്ടതാണ്. എന്നാൽ, കട പൂർണമായും ഒഴിയണമെന്ന് കെട്ടിടം ഉടമ ഇബ്രാഹിം കുട്ടി ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ച നടന്നു വരികെയാണ്, അക്രമ സംഭവം ഉണ്ടായത്. ഒരു മണിക്കൂറിലേറെ അക്രമികൾ അഴിഞ്ഞാടിയിട്ടും പൊലീസ് ഇടപെട്ടില്ലെന്നാണ് കടയുടമ രവീന്ദ്രന്റെ പരാതി.
Post Your Comments