കാക്കനാട്: ഹോട്ടലിൽ ജോലിക്കു വന്ന യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന 43കാരനായ സൂപ്പർമാർക്കറ്റ് ഉടമ അറസ്റ്റിൽ. തൃശ്ശൂർ വാടാനപ്പള്ളി എച്ച്.എസ്. റോഡിൽ പണിക്കവീട്ടിൽ ഷെഫീഖിനെയാണ് തൃക്കാക്കര പൊലീസ് പിടികൂടിയത്. ഇയാൾ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാക്കനാട്ട് ഇയാൾ നടത്തിയിരുന്ന ഹോട്ടലിൽ അടുക്കളജോലിക്കായി കൊണ്ടുവന്ന തൃശ്ശൂർ സ്വദേശിനിയാണ് പീഡനത്തിനിരയായത്.
ഹോട്ടലിലെ അടുക്കള ജോലി വാഗ്ദാനം ചെയ്ത് മാസങ്ങൾക്കു മുൻപാണ് യുവതിയെയും മാതാവിനെയും ജോലിക്കായി പ്രതി കാക്കനാട്ടേക്ക് കൊണ്ടുവന്നത്. തൃക്കാക്കര തേവയ്ക്കൽ ഭാഗത്ത് ഇവർക്ക് താമസ സൗകര്യവും ഒരുക്കി. യുവതിയെ പാട്ടിലാക്കിയ ഇയാൾ ഇവിടെവെച്ച് യുവതിയെ നിരവധി തവണ പീഡിപ്പിക്കുകയായിരുന്നു. യുവതി ഗർഭിണിയായ വിവരമറിഞ്ഞ ഷെഫീഖ്, ഇവരെ സംരക്ഷിക്കാമെന്ന് ഉറപ്പുനൽകിയെങ്കിലും പിന്നീട് തിരിഞ്ഞുനോക്കാതെ വന്നതോടെ യുവതിയുടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.
യുവതിയുടെ വിവാഹത്തിനുവേണ്ടി മാതാവ് ബാങ്കിൽ നിക്ഷേപിച്ചിരുന്ന ഒരു ലക്ഷത്തിലധികം രൂപയും പ്രതി പലപ്പോഴായി കൈക്കലാക്കിയെന്ന് പൊലീസ് പറഞ്ഞു. കോയമ്പത്തൂരിൽ സൂപ്പർമാർക്കറ്റ് നടത്തുകയായിരുന്ന ഷെഫീഖിനെ തൃക്കാക്കര സിഐ ആർ. ഷാബു, എസ്‌ഐ.മാരായ എൻ.ഐ. റഫീഖ്, റോയ് കെ. പുന്നൂസ്, എഎസ്ഐ ഗിരീഷ്‌കുമാർ, സി.പി.ഒ. ജാബിർ, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘം അവിടെപ്പോയി അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments