മേട മാസം ഒന്നാം തീയതി പുലര്‍ച്ചെയുള്ള ആദ്യ കാഴ്ചയെ കണികാണല്‍ എന്നു പറയുന്നു. ഇതായിരിക്കും ഒരു വര്‍ഷത്തെ മുഴുവന്‍ ഐശ്വര്യങ്ങളെയും സ്വാധീനിക്കുക എന്നാണ് വിശ്വാസം.അതിനാല്‍ മനോഹരവും സുന്ദരവുമായ കണി ഒരുക്കി വയ്ക്കുന്നതിനെ വിഷുക്കണി എന്നു പറയുന്നു. എന്നാല്‍, ഈ വര്‍ഷം മേടം രണ്ടിനാണ് വിഷു.
സമ്പല്സമൃദ്ധമായ പ്രകൃതിയുടെ കൊച്ചുരൂപം തന്നെയാണു വിഷുക്കണി. ഭൂമിയിലെ ഓരോ വസ്തുവും സത്വ, രജോ, തമോ ഗുണമുള്ളവയാണ്. കണിയൊരുക്കാന്‍ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. കണിവയ്ക്കുന്നതിനുള്ള ഓട്ടുരുളി , നിലവിളക്ക് , വാല്‍ക്കിണ്ടി എന്നിവ തേച്ചുവൃത്തിയാക്കിയ ശേഷമേ ഉപയോഗിക്കാവൂ.
വിഷുവിന്റെ തലേന്ന് കുടുംബനാഥയോ മുതിര്‍ന്നവരോ വേണം കണിയൊരുക്കാന്‍. കണ്ണന്റെ വിഗ്രഹത്തിന്റെയോ ചിത്രത്തിന്റെയോ മുന്നിലാണ് കണിയൊരുക്കേണ്ടത് .അതില്‍ വീട്ടുമുറ്റത്തുള്ള പൂക്കള്‍ കൊണ്ട് മാലകോര്‍ത്തിടുന്നത് ഉത്തമമാണ്. പ്രപഞ്ചത്തിന്റെ പ്രതീകമായ ഓട്ടുരുളിയില്‍ ഉണക്കലരി പകുതിയോളം നിറയ്ക്കുക. ആദ്യം സ്വര്‍ണ്ണനിറത്തിലുള്ള കണിവെള്ളരി വയ്ക്കുക. പിന്നീട് ചക്ക, പൊതിച്ച നാളികേരം ,മാങ്ങ, കദളിപ്പഴം ,നാരങ്ങ, നെല്ലിക്ക എന്നിവ വയ്ക്കുക . ചക്കയും നാളികേരവും ഗണപതിയുടെ ഇഷ്ടഭക്ഷണമാണ്. മാങ്ങ സുബ്രഹ്മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയങ്കരമാണ്. നാരങ്ങയും നെല്ലിക്കയും ലക്ഷ്മീ ദേവി സങ്കല്‍പ്പത്തില്‍ വയ്ക്കുന്നതാണ് .
ശ്രീഭഗവതിയെ സങ്കല്പ്പിച്ചു ഓട്ടുരുളിയുടെ നടുക്കായി വാല്‍ക്കണ്ണാടി വയ്ക്കുക. അതില്‍ സ്വര്‍ണ്ണമാല ചാര്‍ത്തുക. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാന്‍കൂടിയാണിത്. ഏറ്റവും പ്രധാനമായ കണിക്കൊന്നപ്പൂക്കള്‍ വയ്ക്കുക . കണിവെള്ളരി മഹാവിഷ്ണുവിന്റെ മുഖമായും, കൊന്നപ്പൂക്കള്‍ കിരീടമായും വാല്‍ക്കണ്ണാടി മനസ്സുമാണെന്നാണ് സങ്കല്‍പ്പം. ഇതിന്റെ തൊട്ടടുത്തായി ഓട്ടുതാലത്തില്‍ അലക്കിയ കസവുമുണ്ട്, ഗ്രന്ഥം ,കുങ്കുമച്ചെപ്പ് ,കണ്മഷി ,വെറ്റിലയില്‍ നാണയത്തുട്ടും പാക്കും എന്നിവ വയ്ക്കുക . നവധാന്യങ്ങളും വയ്ക്കുന്നത് നന്ന്. ലക്ഷ്മീദേവിയുടെ പ്രതീകമാണു സ്വര്‍ണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു.
പീഠത്തില്‍ നിലവിളക്കുവച്ചു എണ്ണയൊഴിച്ചു അഞ്ചുതിരിയിട്ടു വയ്ക്കുക. മുന്നിലായി സാമ്പ്രാണി, ഓട്ടുകിണ്ടിയില്‍ ശുദ്ധജലം, പൂക്കള്‍, കൊടിവിളക്ക് എന്നിവ പിറ്റേന്നേക്കായി ഒരുക്കി വയ്ക്കുക. ദീപപ്രഭമൂലമുള്ള നിഴല്‍ കൃഷ്ണ വിഗ്രഹത്തില്‍ പതിക്കാത്ത രീതിയിലാവണം വിളക്കിന്റെ സ്ഥാനം. വിഷുദിനത്തില്‍ നിലവിളക്കിന്റെ സ്വര്‍ണവെളിച്ചത്തില്‍ ഉണ്ണിക്കണ്ണനെയും ധനവും ധാന്യങ്ങളും ഫലങ്ങളും കണികണ്ടുണരുമ്പോള്‍ ഐശ്വര്യപൂര്‍ണ്ണമായ ജീവിതകാലഘട്ടമാണ് നാമോരോരുത്തര്‍ക്കും ലഭിക്കുക.
Post Your Comments