ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ ഈസ്റ്ററിനു തൊട്ടു മുന്‍പുള്ള വെള്ളിയെ ദുഃഖവെള്ളിയാഴ്ച ആയി ആചരിക്കുന്നു. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ തുടര്‍ന്നുള്ള ഈ ദിവസത്തില്‍ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാല്‍വരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവര്‍ അനുസ്മരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ ഈ ദിവസത്തെ ഗുഡ് ഫ്രൈഡേ (Good Friday) എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ ഓര്‍ത്തഡോക്‌സ് സഭകളില്‍ ഈ ദിവസം വലിയ വെള്ളിയാഴ്ച അഥവാ ഗ്രെയിറ്റ് ഫ്രൈഡേ (Great Friday) എന്നും വിളിക്കുന്നു. കേരളത്തിലെ സുറിയാനി സഭകള്‍ ഹാശാ ആഴ്ചയിലെ അഥവാ കഷ്ടാനുഭവ ആഴ്ചയിലെ ഈ വെള്ളിയാഴ്ചയെ ഹാശാ വെള്ളി എന്നും വിളിക്കുന്നു.
ഒരു തരത്തില്‍ ഈ ദിനം സന്തോഷത്തിന്റെ ദിവസം കൂടിയാണ്. കാരണം കുരിശുമരണത്തിലൂടെ അവിടുന്ന് നമ്മെ പാപങ്ങളില്‍ നിന്നു രക്ഷിക്കുകയായിരുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ഈശോയുടെ കുരിശുമരണവും ഉത്ഥാനവുമാണ്. അതുകൊണ്ടു തന്നെ ക്രിസ്തീയ ജീവിതത്തില്‍ ഏറ്റവും വിശുദ്ധമായി ആചരിക്കേണ്ട തിരുനാളും ദുഃഖവെള്ളിയാണ്. ഉപവാസത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും വി. ഗ്രന്ഥ പാരായണത്തിലൂടെയും ദുഃഖവെള്ളിയാഴ്ച ദിവസം നാം പൂര്‍ണമായി ദൈവത്തിനു സമര്‍പ്പിക്കണം.
ക്രൈസ്തവ ദേവാലയങ്ങളില്‍ ഈ ദിവസം പ്രത്യേക പ്രാര്‍ത്ഥനകളും യേശുക്രിസ്തുവിന്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട ബൈബിള്‍ ഭാഗങ്ങളുടെ വായനയും ഉണ്ട്. മിക്ക സ്ഥലങ്ങളിലും ഈ ദിവസം ഉപവാസ ദിനമായി ആചരിക്കുന്ന പതിവുണ്ട്. കുരിശില്‍ക്കിടന്നു ദാഹിക്കുന്നു എന്നു വിലപിച്ച യേശുവിനു കയ്പുനീര്‍ കുടിക്കാന്‍ കൊടുത്തതിന്റെ ഓര്‍മയില്‍ വിശ്വാസികള്‍ കയ്പുനീര്‍ രുചിക്കുന്ന ആചാരവുമുണ്ട്. സഭകളുടെ അംഗീകൃത ആചാരമല്ലെങ്കിലും ഫിലിപ്പൈന്‍സ് പോലുള്ള രാജ്യങ്ങളില്‍ വര്‍ഷം തോറും ചില വിശ്വാസികള്‍ ദുഃഖവെള്ളിയാഴ്ച ദിനത്തില്‍ പ്രതീതാത്മക കുരിശേറല്‍ നടത്താറുണ്ട്.
കത്തോലിക്ക സഭയുടെ ആചാരങ്ങളില്‍ യേശുവിന്റെ പീഡാനുഭവ വഴികളിലെ സംഭവങ്ങളെ അനുസ്മരിച്ചു കൊണ്ടുള്ള കുരിശിന്റെ വഴി ഈ ദിവസത്തെ ആചാരങ്ങളില്‍ മുഖ്യമായതാണ്. കേരളത്തില്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളായ മലയാറ്റൂര്‍, വയനാട് ചുരം, കുരിശുമല തുടങ്ങിയ ഇടങ്ങളില്‍ വലിയ കുരിശും ചുമന്നു കാല്‍നടയായി മല കയറി പരിഹാര പ്രദക്ഷിണം നടത്തുന്ന വിശ്വാസികളുടെ നീണ്ട നിര കാണാം.
കുരിശിന്റെ രഹസ്യവും മഹത്വവും ദൈവിക പദ്ധതിയില്‍ അതിനുള്ള സ്ഥാനവും വ്യക്തമാക്കുന്ന പ്രാര്‍ഥനകളും കര്‍മങ്ങളുമാണ് ക്രിസ്തീയ ദേവാലയങ്ങളില്‍ ദുഃഖവെള്ളിയാഴ്ച ദിവസം നടക്കുന്നത്. ദേവാലയങ്ങളില്‍ നടക്കുന്ന തിരുകര്‍മങ്ങളില്‍ പ്രധാനം പീഡാനുഭവ വായനയാണ്. പീലാത്തോസിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ മുതല്‍ അവിടുത്തെ മൃതശരീരം അടക്കം ചെയ്യുന്നതു വരെയുള്ള സംഭവങ്ങള്‍ പീഡാനുഭവ വായനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കുരിശിന്റെ വഴി, വി. കുരിശിന്റെ അനാച്ഛാദനം, ആരാധന, വിശുദ്ധ കുര്‍ബാന സ്വീകരണം എന്നിവയും ചടങ്ങുകളിലുണ്ട്.
ഒന്‍പതാം മണിക്കൂറിലാണ് (ഉച്ചതിരിഞ്ഞ് മൂന്നു മണി) യേശു മരിച്ചതെന്ന് സുവിശേഷങ്ങളില്‍ പറയുന്നുണ്ട്. അതുകൊണ്ടു മിക്ക സഭകളിലും ദേവാലയങ്ങളിലെ തിരുകര്‍മങ്ങള്‍ ഈ സമയത്താണ് നടക്കുന്നത്. ഈശോ അനുഭവിച്ച വേദന അനുസ്മരിച്ചു കൊണ്ട് ഈ ദിവസം കയ്പ്പുനീര് കുടിക്കുന്ന പാരമ്പര്യവും ക്രിസ്ത്യാനികള്‍ക്കിടയിലുണ്ട്.
ആദിമ ക്രൈസ്തവരുടെ കാലം മുതല്‍ തന്നെ ദുഃഖവെള്ളി ആചരിച്ചു പോന്നിരുന്നു എന്നതിനു തെളിവുകളുണ്ട്. സഭാചരിത്രകാരനായ എവുസേബിയൂസ് (260-340) ദുഃഖവെള്ളി ആഘോഷങ്ങളെ പറ്റി എഴുതിയിട്ടുണ്ട് എന്നതിനാല്‍ അദ്ദേഹത്തിന്റെ കാലത്തിനു മുന്‍പു തന്നെ ദുഃഖവെള്ളി ആചരണം നടന്നിരുന്നു എന്ന് അനുമാനിക്കാം.
Post Your Comments