ഇസ്ലാമാബാദ്: ശഹബാസ് ഷെരീഫിന്റെ മന്ത്രിസഭാ പ്രഖ്യാപനം നടക്കാനിരിക്കെ പാകിസ്ഥാനില്‍ റോക്കറ്റ് ആക്രമണം. ഖൈബര്‍ പ്രവിശ്യയില്‍ അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി ശഹബാസ് ഷെരീഫ് സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങില്‍ പങ്കെടുക്കാതെ പ്രസിഡന്റ് ആരിഫ് ആല്‍വി അവധിയെടുത്തതോടെ സെനറ്റ് ചെയര്‍മാന്‍ സാദ്ദിഖ് സഞ്ജറാണിക്ക് മുന്നിലാണ് ശഹബാസ് ഷെരീഫ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.
അതേസമയം, അവിശ്വാസ പ്രമേയ നീക്കത്തിനൊടുവില്‍ അധികാരത്തില്‍ നിന്ന് പുറത്തായ ഇമ്രാന്‍ ഖാന്‍ പറഞ്ഞത്, തന്നെ താഴെയിറക്കാനുള്ള വിദേശ ഗൂഢാലോചനയ്ക്ക് എതിരായ സ്വാതന്ത്ര്യസമരം ആരംഭിച്ചുകഴിഞ്ഞെന്നാണ്. പാര്‍ലമെന്റിന് പകരം തെരുവില്‍ അടുത്ത രാഷ്ട്രീയ പോരാട്ടം നടത്താന്‍ മുന്‍ പ്രധാനമന്ത്രി കച്ചകെട്ടി ഇറങ്ങിയെന്നാണ് ഈ പ്രസ്താവന തെളിയിക്കുന്നതെന്ന് പല അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. ക്യാപ്റ്റന്‍ ഇമ്രാനൊപ്പം അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പിടിഐയുടെ 125 എംപിമാരും സ്ഥാനമൊഴിഞ്ഞ സാഹചര്യത്തില്‍ ഇത് പിടിഐയെ സംബന്ധിച്ചും ഏറെ നിർണ്ണായകമാണ്.
ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞതോടെ, സിന്ധ്, ബലൂചിസ്ഥാന്‍ ഗവര്‍ണര്‍മാരും രാജി പ്രഖ്യാപിച്ചിരുന്നു. പെഷവാര്‍, കറാച്ചി, ലാഹോര്‍, ഇസ്ലാമാബാദ്, റാവല്‍പിണ്ടി തുടങ്ങി എല്ലാ പ്രധാന നഗരങ്ങളിലും ഇമ്രാന്‍ അനുകൂലികള്‍ പ്രതിഷേധം തുടരുകയാണ്. സൈന്യത്തിനെതിരെയുള്ള പ്രസ്താവനകളാണ് ഇമ്രാന്റെ കസേര നഷ്ടപ്പെടാന്‍ കാരണമായതെന്നാണ് ഇമ്രാന്‍ അനുകൂലികള്‍ പറയുന്നത്.
Post Your Comments