ഇസ്ലാമാബാദ്: അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നേരിടാനിരിക്കുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് മുൻഭാര്യ റെഹം ഖാൻ. ഇമ്രാൻഖാൻ പ്രധാനമന്ത്രിയല്ലാതിരുന്നപ്പോൾ പാകിസ്ഥാന്റെ നല്ല കാലമായിരുന്നു. രാജ്യത്തിനെ പഴയ രീതിയിലാക്കാൻ, പാകിസ്ഥാനിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് അവർ ആഹ്വാനം ചെയ്തു. 2018ൽ ‘നയാ പാകിസ്ഥാൻ’ എന്ന വാഗ്ദാനവുമായാണ് ഇമ്രാൻ ഖാൻ ഭരണത്തിലെത്തിയതെന്ന് ഓർമ്മിപ്പിച്ച റെഹം, രാജ്യത്ത് അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിലുൾപ്പെടെ ദയനീയമായ തോൽവിയാണ് ഇമ്രാൻ സർക്കാരിന് നേരിടേണ്ടി വന്നതെന്ന് ചൂണ്ടിക്കാട്ടി.
ഇമ്രാൻ ഒരു പഴയ ചരിത്രമാണെന്നും, അദ്ദേഹത്തിന്റെ ‘നയാ പാകിസ്ഥാൻ’ അവശേഷിപ്പിച്ച കുഴപ്പങ്ങൾ മറികടക്കാൻ നമ്മൾ ഒരുമിച്ച് നിൽക്കണമെന്നും റെഹം ട്വിറ്ററിൽ കുറിച്ചു. അദ്ദേഹത്തിന് ബുദ്ധിയും കഴിവും ഇല്ലാത്തതാണ് ഇതിന് കാരണമെന്നും അവർ പറഞ്ഞു. ദൈവകൃപയാൽ, ജീവിതത്തിൽ സമ്പാദ്യവും പ്രശസ്തിയുമുൾപ്പെടെ എല്ലാം നേടിയതിനാൽ മറ്റൊന്നും ആവശ്യമില്ലെന്ന് ഇമ്രാൻ പറഞ്ഞിരുന്നു. ഈ പരാമർശത്തെ ചൂണ്ടിക്കാട്ടിയാണ് റെഹം രംഗത്തെത്തിയത്.
ഇമ്രാൻ സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ ഉടൻ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നിരുന്നു. ഇതിനിടെ, പ്രതിപക്ഷവും സർക്കാരുമായി ധാരണയ്ക്ക് ശ്രമം നടക്കുന്നതായും സൂചന ലഭിച്ചിട്ടുണ്ട്.
Post Your Comments