വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ രൂക്ഷമായി വിമർശിച്ച് ജോ ബൈഡൻ. ഇനി ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ പുടിൻ യോഗ്യനല്ലെന്ന് ബൈഡൻ പറഞ്ഞു. റഷ്യയുടെ തന്ത്രപരമായ പരാജയമാണ് ഉക്രൈൻ യുദ്ധം. പോളണ്ടിലെ വാർസോയിൽ നടത്തിയ പ്രസംഗത്തിലാണ് ബൈഡൻ പുടിനെതിരെ ആഞ്ഞടിച്ചത്. അതേസമയം, റഷ്യയെ ആര് നയിക്കണമെന്ന് റഷ്യക്കാരാണ് തീരുമാനിക്കേണ്ടതെന്ന് ക്രെംലിൻ തിരിച്ചടിച്ചു.
ഇതിന് പിന്നാലെ, പുടിനെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്ന് പ്രസിഡന്റ് ഉദ്ദേശിച്ചില്ലെന്നും, മറ്റ് രാജ്യങ്ങൾക്ക് മേൽ അദ്ദേഹം അധികാരം പ്രയോഗിക്കുന്നതിനെ ബൈഡൻ വിമർശിക്കുകയായിരുന്നെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. ഇതിനിടെ, നാറ്റോയോട് കൂടുതൽ ആയുധങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും രംഗത്തെത്തി.
സുരക്ഷ മുൻനിർത്തി, നാറ്റോയുടെ ആയുധശേഖരത്തിന്റെ ഒരു ശതമാനം സെലെൻസ്കി ആവശ്യപ്പെട്ടു. റഷ്യ പിടിച്ചെടുത്ത ചെർണോബിൽ ആണവനിലയത്തിലെ മൂന്ന് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി പ്രദേശത്തെ മേയറിനെ ഉദ്ധരിച്ച് ഉക്രൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചെർണോബിൽ ഉൾപ്പെടുന്ന സ്ലാവുടിക്കിന്റെ നിയന്ത്രണം റഷ്യ കൈയടക്കി കഴിഞ്ഞു. ലിവൈവിലും റഷ്യൻ സൈന്യം ആക്രമണം ശക്തമാക്കുകയാണ്.
Post Your Comments