അമൃത്സര്‍: പഞ്ചാബില്‍ കഴിഞ്ഞ മാസം സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്, സുരക്ഷ ഉറപ്പുവരുത്തിയ പോലീസുകാര്‍ക്ക് ഡിജിപിയുടെ പ്രശംസ. 14 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പഞ്ചാബ് ഡിജിപിയുടെ പ്രശംസ ലഭിച്ചത്. ഫെബ്രുവരി 14നായിരുന്നു തിരഞ്ഞെടുപ്പ് പ്രചരാണാര്‍ത്ഥം പ്രധാനമന്ത്രി ജലന്ധര്‍ സന്ദര്‍ശിച്ചത്. പഞ്ചാബില്‍ നിന്നും സുരക്ഷാ വീഴ്ച നേരിട്ടതിന് ശേഷം നടത്തുന്ന ആദ്യ സന്ദര്‍ശനമായിരുന്നു അത്. ജനുവരിയിലായിരുന്നു പ്രധാനമന്ത്രി പഞ്ചാബില്‍ സുരക്ഷാവീഴ്ച നേരിട്ടത്. ഇതോടെ, വലിയ വിമര്‍ശനങ്ങളായിരുന്നു മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അഭിമുഖീകരിച്ചത്.
ഇതിനുശേഷം, ഫെബ്രുവരിയില്‍ ജലന്ധറില്‍ സംഘടിപ്പിച്ച പൊതുറാലിയില്‍ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ഈ വേളയില്‍, പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കിയ പോലീസുകാര്‍ക്കാണ് ഡിജിപി അഭിനന്ദനമറിയിച്ചത്. മാര്‍ച്ച് 26ന് പഞ്ചാബ് ഡിജിപി വി.കെ ഭാവ്ര പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ആകെ 14 പേര്‍ക്കാണ് പ്രശംസ ലഭിച്ചത്.
ഇക്കഴിഞ്ഞ ജനുവരിയില്‍, 42,750 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ തറക്കല്ലിടാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിറോസ്പൂരിലെത്തിയത്. പഞ്ചാബിലെ ദേശീയ രക്തസാക്ഷി സ്മാരകം സന്ദര്‍ശിക്കുന്നതിനിടെ, പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്ളൈ ഓവറിലെത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. 15-20 മിനിറ്റോളം പ്രധാനമന്ത്രി മേല്‍പ്പാലത്തില്‍ കുടുങ്ങി. വലിയ സുരക്ഷാ വീഴ്ചയാണ് അന്നുണ്ടായത്.
Post Your Comments