Devotional

വിഷ്ണുഭഗവാൻ ചൊല്ലിയ ഗണേശ നാമാഷ്ടകം

ഒരിക്കൽ പരശുരാമൻ കൈലാസത്തിലെത്തി. ഗുരുവായ മഹാദേവനെ കാണുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പ്രവേശന കവാടത്തിൽ തന്നെ മഹാഗണപതി കാവല്‍ നിൽക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ അനവസരമാണ്. അകത്തു കടക്കുന്നത് ശരിയല്ലെന്ന് പരശുരാമനെ ഗണപതി അറിയിച്ചു.

എന്നാൽ, പരശുരാമൻ ആ വാക്ക് കാര്യമാക്കാതെ മുന്നോട്ടു നടന്നു. താമസംവിനാ അദ്ദേഹത്തെ ഗണേശൻ തടഞ്ഞു നിർത്തി. കാണണമെന്ന് നിര്‍ബ്ബന്ധമാണെങ്കില്‍, അകത്തുചെന്ന് അറിയിക്കാം; കല്പനയുണ്ടെങ്കില്‍ കടത്തിവിടാമെന്നായി ഗണേശൻ.

ഈ മറുപടി രാമന് ഒട്ടും ദഹിച്ചില്ല. മഹാദേവന്റെ പ്രിയശിഷ്യനായ എനിക്ക് ഗുരുവിനെ കാണാൻ അവസരം നോക്കേണ്ട ആവശ്യമില്ല. ശ്രീ പാര്‍വ്വതിക്ക് പോലുമില്ലാത്ത സ്വാതന്ത്ര്യം എനിക്ക് എന്റെ ഗുരുനാഥനോടുണ്ട് “എന്നായിപരശുരാമന്‍

ഗണപതി എന്നിട്ടും വഴങ്ങിയില്ല. കാര്യം ഗുരുവും ശിഷ്യനും ഒക്കെയായിരിക്കും. അതെല്ലാം നിങ്ങള്‍ തമ്മിലുള്ള കാര്യം: പക്ഷേ, എന്റെ കര്‍ത്തവ്യം എന്റെ ഗുരുവിന്റെ ആജ്ഞ അക്ഷരം പ്രതി പാലിക്കുകയാണ്. അതു തെറ്റിക്കുക വയ്യ, എന്നു തീര്‍ത്തു പറഞ്ഞു. തർക്കം മൂത്ത് ഇരുവരും തമ്മിൽ ഏറ്റുമുട്ടി. ക്രുദ്ധനായ ഭാര്‍ഗ്ഗവരാമനും ഗണപതിയും തമ്മിലുള്ള സംഘട്ടനം അതിരൂക്ഷമായ യുദ്ധത്തില്‍ കലാശിച്ചു. ലോകമാകെ പ്രകമ്പനംകൊണ്ട യുദ്ധത്തിൽ, ദേവകള്‍ അമ്പരന്നു നിന്നു. ഒടുവില്‍, കലികയറിയ പരശുരാമൻ ഗണപതിക്ക് നേരെ തന്റെ ദിവ്യായുധമായ പരശു എടുത്തു പ്രയോഗിച്ചു. അതിശക്തമായ ആ പരശുവിനെ ബഹുമാനിച്ച് മഹാഗണപതി തന്റെ ഒരു കൊമ്പ് ആ ദിവ്യായുധത്തിന് ബലിയായി സമര്‍പ്പിച്ചു.

ഇതേസമയം, യുദ്ധ വിവരമറിഞ്ഞ് തന്റെ പുത്രന് സംഭവിച്ച മാനഹാനിയില്‍ ശ്രീപാർവതി കോപിഷ്ഠയായി. പരശുരാമനെ സംഹരിക്കുവാന്‍ തന്നെ ദേവി മുതിർന്നു. സർവ്വനാശം ഒഴിവാക്കുന്നതിന് വേണ്ടി മഹാവിഷ്ണു കൃത്യസമയത്ത് ഒരു ബ്രാഹ്മണകുമാരന്റെ രൂപത്തില്‍ അവിടെ പ്രത്യക്ഷപ്പെട്ടു. അതിഥിയായെത്തിയ ബ്രഹ്മചാരിയെ മഹേശ്വരന്‍ യഥാവിധി സല്‍ക്കരിച്ചു. ഗണേശന്റെ കൊമ്പ് മുറിച്ചു നിൽക്കുന്ന പരശുരാമനെ ശ്രീ പാര്‍വ്വതിയുടേയും ഗണപതിയുടെയും മഹിമ വിഷ്ണു വര്‍ണ്ണിച്ചു കേള്‍പ്പിച്ചു. മാത്രമല്ല,പെട്ടെന്ന് കോപിച്ച് പ്രവര്‍ത്തിച്ചുപോയ തെറ്റിൽ പശ്ചാത്തപിച്ച് അവരെ ആരാധിച്ച് പ്രസാദിപ്പിക്കാന്‍ ഉപദേശിച്ച് മറയുകയും ചെയ്തു. തക്കസമയത്ത് ബ്രാഹ്മണ ബാലനായി വേഷം മാറി വന്ന വിഷ്ണു, മഹാഗണപതിയുടെ മഹത്വത്തെ പ്രകീര്‍ത്തിച്ച് ചൊല്ലിയതാണ് ഗണേശനാമാഷ്ടകം.
ഇത് ദേവിയെ സാന്ത്വനിപ്പിക്കുക മാത്രമല്ല, സന്തോഷിപ്പിക്കുകയും ചെയ്തു.

മഹാമന്ത്രം ഇതാണ്:

ഓം ഗണേശായ നമഃ
ഓം ഏകദന്തായ നമഃ
ഓം ഹേരംബായ നമഃ
ഓം വിഘ്‌നായകായ നമഃ
ഓം ലംബോദരായ നമഃ
ഓം ശൂര്‍പ്പകര്‍ണ്ണായ നമഃ
ഓം ഗജവക്ത്രായ നമഃ
ഓം ഗുഹാഗ്രജായ നമഃ
ഈ നാമങ്ങള്‍ ഓര്‍മ്മിക്കാനുള്ള പദ്യംകൂടി കുറിക്കാം:

ഗണേശമേകദന്തം ഹേരംബം വിഘ്‌നായകം
ലംബോദരം ശൂര്‍പ്പകര്‍ണ്ണം ഗജവക്ത്രം ഗുഹാഗ്രജം

shortlink

Post Your Comments


Back to top button