കോട്ടയം: മന്ത്രി സജി ചെറിയാന് വേണ്ടി ചെങ്ങന്നൂരിലെ സില്‍വര്‍ലൈന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്നാരോപിച്ച് രംഗത്തെത്തിയ എം.എൽ.എ തിരുവഞ്ചൂര്‍ രാധകൃഷ്ണന് മറുപടിയുമായി അഡ്വ. എ ജയശങ്കർ. സജി ചെറിയാനെ പരിഹസിച്ചുകൊണ്ടായിരുന്നു ജയശങ്കറിന്റെ മറുപടി. സജി സഖാവിന്റെ വീട്ടുപടിക്കൽ സിൽവർ ലൈൻ വഴിമാറുന്നതിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ അസൂയപ്പെടേണ്ട കാര്യമില്ലെന്നും ചിലർ വരുമ്പോൾ ചരിത്രം വഴി മാറുമെന്നും അദ്ദേഹം പരിഹസിക്കുന്നു.
‘ചിലർ വരുമ്പോൾ ചരിത്രം വഴി മാറും; സജി സഖാവിന്റെ വീട്ടുപടിക്കൽ സിൽവർ ലൈൻ വഴിമാറും. അതിനു തിരുവഞ്ചൂർ രാധാകൃഷ്ണൻ അസൂയപ്പെടേണ്ട. അഞ്ചു കോടി വിലമതിക്കുന്ന വീടും സ്വകാര്യ സ്വാശ്രയ കോളേജിൽ കനത്ത തുക ക്യാപിറ്റേഷൻ കൊടുത്തു മെഡിക്കൽ ബിരുദം നേടിയ പെൺമക്കളെയും ആതുരസേവനത്തിനു സമർപ്പിച്ചു കൃതാർത്ഥനായ ഞങ്ങളുടെ സഖാവിനെ ആക്ഷേപിക്കരുത്. കാലം സാക്ഷി, ചരിത്രം സാക്ഷി, കെ റെയിലിൻ്റെ ബഫർ സോൺ സാക്ഷി!’, ജയശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചു.
Also Read:ഡിഐജിയുടെ നേതൃത്വത്തിൽ അതിഥി തൊഴിലാളികളുടെ വീടുകൾ കേന്ദ്രീകരിച്ച് റെയിഡ്: രണ്ട് പേർ പിടിയിൽ
അതേസമയം, മന്ത്രിയുടെ വീടിരിക്കുന്ന സ്ഥലത്തെ അലൈന്‍മെന്റാണ് മാറ്റിയതെന്നായിരുന്നു തിരുവഞ്ചൂർ ഉന്നയിച്ച ആരോപണം. സംസ്ഥാനത്തുടനീളം ഇത്തരം മാറ്റങ്ങള്‍ വരുത്തിയതായി പുതിയ മാപ്പ് പരിശോധിച്ചാല്‍ മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു. മുളക്കുഴ ഭാഗത്ത് അലൈന്‍മെന്റില്‍ മാറ്റമുണ്ട്. മന്ത്രിയും കെ-റെയില്‍ എംഡിയും ഇതിനു മറുപടി പറയണം. സര്‍ക്കാര്‍ നല്‍കുന്ന റൂട്ട് മാപ്പില്‍ ഇടതുവശത്തായിരുന്ന പല വീടുകളും, സ്ഥാപനങ്ങളും കെ-റെയിലിന്റെ ഔദ്യോഗിക ഡിജിറ്റല്‍ റൂട്ട് മാപ്പില്‍ വലതു വശത്താണെന്നും ഡിജിറ്റല്‍ റൂട്ട് മാപ്പിങ്ങില്‍ മാറ്റം വരുത്തിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. അതേസമയം തിരുവഞ്ചൂരിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തി. അലൈന്‍മെന്റ് തീരുമാനിക്കുന്നത് താനല്ലെന്നും ഇനി മാറ്റുകയാണെങ്കില്‍ തന്നെ വീട് വിട്ടു നല്‍കാന്‍ തയ്യാറാണെന്നും സജി ചെറിയാന്‍ പറഞ്ഞു.
Post Your Comments