മംഗളൂരു: പെണ്‍വാണിഭത്തിനായി പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരനായ ഉള്ളാളിലെ അബ്ദുള്‍ റാസിക്കിനെ പൊലീസ് പിടികൂടിയതോടെ മലയാളികളുൾപ്പെടെയുള്ള ഉള്ളാള്‍ മംഗ്ലൂര് നിവാസികള്‍ ഞെട്ടലിലാണ്. 10 വർഷത്തിലേറെയായി ഇയാൾ പൊതുപ്രവർത്തനത്തിൽ മുൻപന്തിയിലുണ്ട്. കോൺഗ്രസിന്റെ സജീവപ്രവർത്തകനായ ഇയാൾ തെരുവിൽ കഴിയുന്ന അനാഥർക്ക് ‘ഹെല്പ് ഇന്ത്യ’ എന്ന സംഘടനയുടെ പേരില്‍ ആഹാരവും മറ്റും കൊടുത്ത് ശ്രദ്ധനേടുകയും ചെയ്തു.
ചാരിറ്റിയുടെ മറവിൽ മംഗളൂരു പൊലീസിലും മറ്റു സര്‍ക്കാര്‍ വകുപ്പുകളിലും അബ്ദുള്‍ റാസിക്ക് സ്വാധീന ശക്തിയായി. ചാരിറ്റി പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും മലയാളികൾ ഉൾപ്പെടെ ഇയാളെ പിന്തുണയ്ക്കുകയും ചെയ്തു. ഹിജാബ് വിഷയത്തില്‍ സർക്കാരിനെതിരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു ഇയാള്‍. മംഗലാപുരം ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭ സംഘത്തിന്റെ ഇടനിലക്കാരനായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയതോടെയാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഇയാളുടെ നിയമവിരുദ്ധ കാര്യങ്ങള്‍ക്കുള്ള വെറും മറയായിരുന്നു എന്ന് വ്യക്തമായത്.
വിഐപികളുമായി ചേര്‍ന്നുള്ള ചിത്രങ്ങള്‍ എടുത്ത് എഫ് ബിയില്‍ ഇട്ട് ഇതിലൂടെ തനിക്ക് വലിയ ബന്ധങ്ങളുണ്ടെന്ന് വരുത്തിയിരുന്നു. നിരവധി അവാര്‍ഡുകളും വാങ്ങി. ഇതിലൂടെയാണ്, സമൂഹത്തില്‍ പ്രധാനിയാണെന്ന തോന്നല്‍ ഉണ്ടാക്കിയെടുത്തു മലയാളി യുവതികളെ അടക്കം കുടുക്കിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ തിരച്ചിലില്‍ മാര്‍ച്ച് 18 നാണ് ഉള്ളാളില്‍ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.
നന്ദിഗുഡ്ഡയിലെ ഫ്ളാറ്റില്‍ പൊലീസ് റെയ്ഡ് നടത്തുകയും ഇരകളായ പെണ്‍കുട്ടികളെയും സ്ത്രീകളെയും രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും കടത്തിക്കൊണ്ടുവരുന്ന പെണ്‍കുട്ടികളെ ഫ്ളാറ്റിലെത്തിച്ച് പെണ്‍വാണിഭത്തിന് ഉപയോഗിച്ചുവരികയായിരുന്നു. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് സ്ത്രികള്‍ അടക്കം എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments