ന്യൂഡല്‍ഹി: സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന സൂചന നൽകി കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്. സമൂഹത്തിൽ സേവനം നടത്തുന്നതിന് രാഷ്ട്രീയം വേണമെന്നില്ല. ഇന്ത്യയിലെ രാഷ്ട്രീയം മോശം അവസ്ഥയിലാണ്. തന്‍റേത് ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളും ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നുവെന്നും ഗുലാംനബി ആസാദ് പറഞ്ഞു. പദ്മഭൂഷണ്‍ ബഹുമതി ലഭിച്ച ഗുലാംനബി ആസാദിനെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പ്രതികരണം.
സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച് സമൂഹിക സേവനത്തില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കാന്‍ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ രാഷ്ട്രീയം വളരെ വൃത്തികെട്ടതായി മാറിയിരിക്കുന്നു. ചിലപ്പോള്‍ നമ്മള്‍ മനുഷ്യരാണോ എന്ന് സംശയിക്കേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നു. മനുഷ്യന്റെ ശരാശരി ആയുസ്സ് ഇപ്പോള്‍ 80-85 വര്‍ഷമാണ്. വിരമിക്കലിന് ശേഷമുള്ള 20-25 വര്‍ഷത്തെ നീണ്ട കാലയളവ് രാഷ്ട്രനിര്‍മ്മാണത്തിന് സംഭാവന ചെയ്യാന്‍ വ്യക്തികള്‍ ഉപയോഗിക്കുന്നത് കാര്യബോധ്യത്തോടെയാണ്. നമ്മള്‍ ഓരോരുത്തരും ഒരു നഗരത്തേയോ പ്രദേശത്തേയോ നവീകരിച്ചാല്‍ രാജ്യം മൊത്തം നവീകരിക്കപ്പെടും’- ഗുലാംനബി ആസാദ് പറഞ്ഞു.
Read Also : ഹര്‍ഭജന്‍ സിങ് ആം ആദ്മി എംപിയായി പഞ്ചാബിൽ നിന്ന് രാജ്യസഭയിലേക്ക്
സമൂഹത്തിലെ ഒട്ടുമിക്ക തിന്മകള്‍ക്കും ഉത്തരവാദികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ആളുകളെ മതത്തിന്റേയും പ്രദേശത്തിന്റേയും ഗ്രാമത്തിന്റേയും നഗരത്തിന്റേയും പേരില്‍ വിഭജിച്ചു. ഉയര്‍ന്ന ജാതിക്കാരനെന്നും ദളിതനെന്നും മുസ്ലിമെന്നും ഹിന്ദുവും ക്രിസ്ത്യാനിയും സിഖ്കാരനുമാക്കി തരംതിരിച്ചു. ആളുകളെ ഇങ്ങനെ ചുരുക്കി കെട്ടിയാല്‍ ആരെയാണ് നമുക്ക് മനുഷ്യരായി കാണാനാകുകയെന്നും ഗുലാം നബി ആസാദ് ചോദിച്ചു.താന്‍ കോണ്‍ഗ്രസുകാരനായിട്ടില്ല പൊതുജീവിതം ആരംഭിച്ചത്. ഗാന്ധിയന്‍ തത്വശാസ്ത്രത്തിലൂന്നിയാണ് തന്റെ പൊതുപ്രവര്‍ത്തനം ആരംഭിച്ചതെന്ന് വളരെ കുറച്ച് പേര്‍ക്കേ അറിയാവൂ. നമ്മള്‍ ആദ്യം മനുഷ്യരാകണം പിന്നീടാണ് ഹിന്ദുവും മുസ്ലിമും ആകേണ്ടതെന്നും ഗുലാംനബി ആസാദ് കൂട്ടിച്ചേർത്തു.
Post Your Comments