ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അധികാരത്തിന് കടിഞ്ഞാണിട്ട് പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നീക്കം. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി, വിദേശ നയത്തിലെ പാളിച്ചകൾ എന്നിവ ചൂണ്ടിക്കാട്ടി പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റ് എന്ന പേരിലാണ് പ്രതിപക്ഷം ഒന്നിച്ചിരിക്കുന്നത്. ഇമ്രാന്റെ ഭരണപാർട്ടിയായ പാകിസ്ഥാൻ തെഹരീക് ഇൻസാഫ് (പിടിഐ) യിലെ ചില എംപിമാരും കൂറ് മാറി ഈ മാസം അവസാനം നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിക്കുമെന്നറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്ച പിടിഐ സഖ്യ സർക്കാരിലെ 24 പാർലമെന്റംഗങ്ങളാണ് അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. അവിശ്വാസ പ്രമേയത്തിനായുള്ള ദേശീയ അസംബ്ലി സമ്മേളനം മാർച്ച് 21 ന് ചേരുമെന്നും വോട്ടെടുപ്പ് മാർച്ച് 28 ന് നടക്കുമെന്നുമാണ് റിപ്പോർട്ട്. മാർച്ച് എട്ടിനാണ് പ്രതിപക്ഷ പാർട്ടികളായ പാകിസ്ഥാൻ-മുസ്ലിം ലീഗ് നവാസ്, പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി എന്നിവയുടെ നേതൃത്വത്തിൽ 100 ലോമേക്കഴ്സ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.
Read Also: വിഷം തന്ന് കൊല്ലുമെന്ന് ഭയം: 1,000 പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ പുടിൻ മാറ്റിയെന്ന് റിപ്പോർട്ട്
പാകിസ്ഥാൻ മുസ്ലിം ലീഗ്, പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി, അവാമി നാഷണൽ പാർട്ടി, ജമാ അത്ത് ഉലമ ഇസ്ലാം എന്നീ പ്രതിപക്ഷ പാർട്ടികളാണ് ഇമ്രാനെ പുറത്താക്കാനുള്ള പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റിന് കീഴിൽ അണിനിരന്നിരിക്കുന്നത്. ഒപ്പം കൂറ് മാറുമെന്ന് പ്രഖ്യാപിച്ച ഭരണപാർട്ടി അംഗങ്ങളും. 342 അംഗങ്ങളുള്ള അംസബ്ലിയിൽ അവിശ്വാസ വോട്ടെടുപ്പിൽ 272 വോട്ട് ലഭിച്ചാൽ ഇമ്രാൻ ഖാനെ പുറത്താക്കാം.
Post Your Comments