ഇസ്ലാമാബാദ് : ഇമ്രാൻ ഖാനെ താഴെയിറക്കാൻ ശ്രമിക്കുന്നവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പാക്കിസ്ഥാൻ മന്ത്രി. ഇസ്ലാമിൽ ചാവേർ സ്ഫോടനം ഹറാമാണെങ്കിലും പ്രതിപക്ഷത്തെ വകവരുത്താൻ ചാവേറാകാനും താൻ തയ്യാറാണെന്ന് പാകിസ്ഥാൻ സിവിൽ ഏവിയേഷൻ മന്ത്രി ഗുലാം സർവാർ ഖാൻ. ഇസ്ലാമിൽ ചാവേർ സ്ഫോടനം നിഷിദ്ധമാണെങ്കിലും, ഇമ്രാൻ ഖാനെ താഴെയിറക്കാൻ ശ്രമിച്ചാൽ താൻ ചാവേറായി പ്രതിപക്ഷത്തെ മുഴുവൻ പൊട്ടിത്തെറിപ്പിക്കുമെന്നുമാണ് ഗുലാം സർവാർ ഖാൻ പറയുന്നത് .
ഇതിന്റെ വീഡിയോ, ഇന്റർനെറ്റിൽ വൈറലാണ്. രാജ്യത്തിന്റെയും, മതത്തിന്റെയും എല്ലാ ശത്രുക്കളും ഒത്തുചേരുന്ന സ്ഥലത്ത്, സ്വയം പൊട്ടിത്തെറിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ദിവസങ്ങൾക്കുള്ളിൽ അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കുമ്പോഴാണ് മന്ത്രിയുടെ ഭീഷണി.
മുതിർന്ന മന്ത്രിമാർ സംയുക്ത പ്രതിപക്ഷത്തിനെതിരെ ആക്രമണം ശക്തമാക്കുകയും ചിലർ അവരെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പ്രമേയത്തിൽ വോട്ടുചെയ്യുന്നത് തടയാൻ പിടിഐ പ്രവർത്തകർ വീടുകൾ വളയുമെന്ന്, വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഉൾപ്പെടെ നിരവധി പാക് മന്ത്രിമാർ പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തി. ഇമ്രാൻ ഖാൻ സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് മാർച്ച് 26 മുതൽ 30 വരെ നടക്കും.
അവിശ്വാസ വോട്ടിലൂടെ തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പടിഞ്ഞാറൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് അമേരിക്കയിൽ, പ്രതിപക്ഷ അംഗങ്ങൾ ഒത്തു ചേർന്നുവെന്നാണ് ഇമ്രാൻ ഖാന്റെ ആരോപണം. അവിശ്വാസം വോട്ടിനിടുന്ന ദിവസം ഇസ്ലാമാബാദിലെ ഡി-ചൗക്കിൽ തന്റെ പത്തുലക്ഷം അനുയായികൾ ഒത്തുകൂടുമെന്നും ഇമ്രാൻ ഖാൻ നേരത്തെ പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
Post Your Comments