ഡൽഹി: ഒരു കോടി രൂപ കവർച്ച നടത്തിയ സംഭവത്തിൽ അഞ്ച് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് ഡൽഹിയിലെ സിവിൽ ലൈൻ മേഖലയിൽ പകൽ നേരത്താണ് സംഭവം നടന്നത്. ഒരു ബിസിനസുകാരന്റെ ജോലിക്കാരെയാണ് പ്രതികൾ കൊള്ളയടിച്ചത്. സ്‌കൂട്ടറിൽ ഇടിച്ച് വാഹനാപകടം സൃഷ്ടിച്ച ശേഷം പ്രതികൾ തോക്ക് ചൂണ്ടി കവർച്ച നടത്തുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോഷ്ടിച്ച പണത്തിൽ നിന്ന് ഒരു ലക്ഷം രൂപ ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്തതായി പ്രതികൾ പൊലീസിന് മൊഴി നൽകി. മാർച്ച് മൂന്നിന്, രോഹിണി ആസ്ഥാനമായുള്ള വ്യവസായിയുടെ രണ്ട് ജീവനക്കാർ ചാന്ദ്‌നി ചൗക്കിലെ ജ്വല്ലറിയിൽ നിന്നുള്ള 1.1 കോടി രൂപയുമായി ഓഫീസിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ, വടക്കുകിഴക്കൻ ഡൽഹിയിൽ നിന്നുമാണ് പോലീസ് പ്രതികളെ പിടികൂടിയത്. പ്രതികളിലൊരാൾ ജ്വല്ലറിയിലെ മുൻ ജീവനക്കാരനാണെന്നും ഇയാൾ പണത്തെക്കുറിച്ച് മറ്റുള്ളവർക്ക് വിവരം നൽകിയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. മോഷ്ടിച്ച തുകയും സ്വർണം ഉൾപ്പെടെയുള്ള വസ്തുക്കളും പൊലീസ് കണ്ടെടുത്തതായി ഡിസിപി സാഗർ സിംഗ് കൽസി വ്യക്തമാക്കി.
Post Your Comments