കൊച്ചി: ഉക്രൈൻ – റഷ്യ യുദ്ധം പതിനഞ്ചാം ദിവസം പൂർത്തിയായ ഇന്നലെയാണ്, ഉക്രൈനിൽ ജനിച്ച് ഇന്ത്യയുടെ മരുമകളായ വിക്ടോറിയ ഇന്ത്യൻ മണ്ണിൽ കാലുകുത്തിയത്. മലയാളിയായ റെനീഷ് ജോസഫ് ആണ് വിക്ടോറിയയുടെ ഭർത്താവ്. യുദ്ധത്തെ തുടർന്ന് ഉക്രൈനിൽ കുടുങ്ങിയ ഇവരെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇന്നലെ രാത്രിയോടെയാണ് ഇന്ത്യയിലെത്തിച്ചത്. ഇവർക്കൊപ്പം രണ്ട് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. സംഘർഷാവസ്ഥ നേരിട്ടിരുന്ന സുമിയിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്.
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി, സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്ന രക്ഷാപ്രവർത്തനത്തിൽ റെനീഷും പങ്കാളിയായിരുന്നു. ഉക്രൈനിൽ സ്റ്റുഡന്റ് കോ-ഓർഡിനേറ്ററായി ജോലി ചെയ്യുകയായിരുന്നു റനീഷ്. 2019ലായിരുന്നു ഇവരുടെ വിവാഹം. വിക്ടോറിയ ഇതാദ്യമായാണ് കേരളം സന്ദർശിക്കുന്നത്. ഇവർക്കൊപ്പം, ഇന്നലെ രാത്രി 180 പേരെയാണ് ഈ ചാർട്ടേഡ് വിമാനത്തിൽ ഡൽഹിയിൽ നിന്ന് കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചത്. ഇതോടെ, ഉക്രൈനിൽ കുടുങ്ങിയ മലയാളികൾ എല്ലാം നാട്ടിൽ തിരിച്ചെത്തിയെന്നാണ് റിപ്പോർട്ട്.
Also Read:നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം: ഗുജറാത്തിലെത്തി അമ്മയെ കണ്ട് പ്രധാനമന്ത്രി
‘ഞാൻ ഇപ്പോൾ വളരെ സന്തോഷവാനാണ്. 14 ദിവസം ഞങ്ങൾ എല്ലാവരും ഒരു കുടുംബമായി സുമിയിൽ താമസിച്ചു. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ചു. ഒരുപാട് സഹിച്ചു. നാല് ദിവസം വിശ്രമമില്ലാതെ യാത്ര ചെയ്താണ് ഇവിടെ എത്തിയത്. കുടുംബത്തെ കണ്ടതിൽ വളരെ സന്തോഷം. ഞങ്ങൾ ആദ്യം ബസിലും പിന്നെ ട്രെയിനിലും പിന്നെ വിമാനത്തിലും യാത്ര ചെയ്തു. കൂടെയുണ്ടായിരുന്ന പലരും കുഞ്ഞിനെ പരിചരിക്കാൻ സഹായിച്ചു. ഇനി ഞങ്ങൾക്ക് വിശ്രമിക്കണം’, റെനീഷ് വ്യക്തമാക്കി.
‘ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഒരുപാട് സഹിച്ചു. എന്നാൽ ഇപ്പോൾ എല്ലാവരേയും കണ്ടതിൽ വളരെ സന്തോഷമുണ്ട്. ഇത് എന്റെ ആദ്യ കേരള സന്ദർശനമാണ്’, വിക്ടോറിയ പറഞ്ഞു.
Post Your Comments