കൊച്ചി: ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന പ്രതി ജോൺ ബിനോയ് ഡിക്രൂസ് മുൻപ് തന്നെയും ആക്രമിച്ചിരുന്നെന്ന്, കൊല്ലപ്പെട്ട നോറ മരിയയുടെ മാതാവ് ഡിക്സി. ഭർത്താവ് സജീവ് പറഞ്ഞതിന്റെ നേർവിപരീതമായാണ് യുവതിയുടെ മൊഴി. പാറക്കടവു കോടുശേരിയിലെ ഭർത്താവിന്റെ വീട്ടിൽ വെച്ചാണ് ജോൺ ബിനോയ് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചതെന്ന് യുവതി പറയുന്നു. തന്റെ മുറിയുടെ കതക് ചവിട്ടി തുറന്നാണ് ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചത്. അന്ന് ഭർത്താവ് സജീവ് വീട്ടിലുണ്ടായിരുന്നു.
എന്നാൽ, തന്നെ രക്ഷിക്കാൻ ശ്രമിക്കുകയോ ജോൺ ബിനോയി ഡിക്രൂസിനെ തടയുകയോ ചെയ്തില്ല. ഇതേതുടർന്നാണ് താൻ കറുകുറ്റിയിലെ തന്റെ വീട്ടിലേക്കു പോന്നതെന്നു ഡിക്സി പറഞ്ഞു. ഭർത്താവിന് ജോലിക്ക് പോകാൻ കഴിയാതായതോടെ ജീവിക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നു. ഇതിനാലാണ് താൻ വിദേശത്തേക്ക് പോയത്. കുഞ്ഞുങ്ങളെ തന്റെ വീട്ടിൽ നിർത്താൻ ഭർത്താവ് സമ്മതിച്ചില്ല. വിദേശത്തുനിന്നു തിരിച്ചുവരാൻ ശ്രമിച്ചാൽ മക്കളെ ജീവനോടെ കാണില്ലെന്നു സജീവ് മുന്നറിയിപ്പു നൽകിയെന്നു ഡിക്സി പറഞ്ഞു.
എന്നാൽ, സജീവ് ഇതിനു ഘടകവിരുദ്ധമായാണ് മാധ്യമങ്ങളോട് സംസാരിച്ചത്. താൻ കാലുപിടിച്ചു പറഞ്ഞിട്ടും ഡിക്‌സി വിദേശത്തു പോയെന്നാണ് സജീവ് പറഞ്ഞത്. അതേസമയം, സജീവ് ഷാജി-ഡിക്‌സി ഡേവിഡ് ദമ്പതികളുടെ മകളായ നോറ മരിയ ആണ് കൊല്ലപ്പെട്ടത്. ദമ്പതികളുടെ രണ്ട് കുട്ടികളും സജീവന്റെ അമ്മയായ സിപ്‌സിയുടെ സംരക്ഷണയിലായിരുന്നു. സിപ്‌സിയുടെ സുഹൃത്തായ പള്ളുരുത്തി സ്വദേശി ജോൺ ബിനോയ് ഡിക്രൂസി(27)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം, അഞ്ചാം തിയതി മുതൽ മുത്തശ്ശി സിപ്സിയും ജോൺ ബിനോയിയും രണ്ട് കുട്ടികളും ലോഡ്ജിൽ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. കൊലപാതകം നടന്ന ദിവസം കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ചില തർക്കങ്ങൾ ഹോട്ടൽ മുറിയിൽ നടന്നിരുന്നു. ജോൺ ബിനോയ് ആണ് കുട്ടിയുടെ പിതാവെന്നായിരുന്നു ആരോപണം. ഇതിൽ, കുപിതനായാണ് യുവാവ് കുട്ടിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നത്. പ്രതി ഇതുസംബന്ധിച്ച് പൊലീസിന് മൊഴിനൽകി. ദമ്പതിമാരാണെന്ന് പറഞ്ഞാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തതെന്നാണ് ജീവനക്കാർ പറയുന്നത്.
Post Your Comments