വാഷിംഗ്ടൺ: റഷ്യ- യുക്രൈൻ യുദ്ധം പത്താം നാൾ പിന്നിടുമ്പോൾ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് അടുത്തയാഴ്ച യൂറോപ്പ് സന്ദർശിക്കും. യുക്രൈനിന്റെ അയൽ രാജ്യങ്ങളായ പോളണ്ടും റൊമാനിയയും കമല സന്ദർശിക്കും. അടുത്ത ആഴ്ചയാണ് സന്ദർശനം. നാറ്റോ സഖ്യത്തിന്റെ ഐക്യവും കരുത്തും തെളിയിക്കുന്നതാകും യുഎസ് വൈസ് പ്രസിഡന്റിന്റെ സന്ദർശനമെന്ന് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സബ്രിന സിങ് പറഞ്ഞു.
‘കമല ഹാരിസിന്റെ സന്ദർശനം നാറ്റോയുടെ ശക്തിയും ഐക്യവും പ്രകടമാക്കും. യുറോപ്പ്യൻ രാജ്യങ്ങൾക്കുള്ള യുഎസിന്റെ പിന്തുണ ഒന്നു കൂടി ഉറപ്പിക്കാനും സന്ദർശനം സഹായിക്കും. റഷ്യക്കെതിരെ നാറ്റോ നടത്തുന്ന കൂട്ടായ പരിശ്രമങ്ങളേയും സന്ദർശനം കൂടുതൽ ശക്തിപ്പെടുത്തും’- ഡെപ്യൂട്ടി പ്രസ് സെക്രട്ടറി പറഞ്ഞു.
Read Also: 57 പേരുടെ മരണത്തിനിടയാക്കിയ പാക് പള്ളി സ്ഫോടനം: ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു
യുക്രൈനെ ഏത് തരത്തിലാവും അമേരിക്ക സഹായിക്കുമെന്നത് സംബന്ധിച്ചും കമല ഹാരിസ് വിശദീകരണം നടത്തും. ഇരു രാജ്യങ്ങളിലേയും രാഷ്ട്രതലവൻമാരുമായുള്ള കൂടിക്കാഴ്ചയിൽ റഷ്യയുടെ ഏകപക്ഷീയമായ യുക്രൈൻ അധിനിവേശത്തിനെതിരെ നീങ്ങേണ്ടതിന്റെ ആവശ്യകത യു.എസ് വൈസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടും. പോളണ്ടിലെ വാഴ്സോയിലും റൊമാനിയയിലെ ബുക്കാറെസ്റ്റിലും മാർച്ച് ഒമ്പത് മുതൽ 11 വരെയായിരിക്കും അവർ സന്ദർശനം നടത്തുക.
Post Your Comments