മോസ്കോ: മൂവായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രൈന് ബന്ദികളാക്കിയെന്ന ആരോപണവുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മാത്രമല്ല, ചൈനീസ് വിദ്യാര്‍ത്ഥികളെയും യുക്രൈന് തടഞ്ഞുവെച്ചിരിക്കുകയാണെന്നും പുടിന് കുറ്റപ്പെടുത്തി. റഷ്യ ആക്രമിക്കാതിരിക്കാനായി വിദേശികളെ യുദ്ധമുഖത്തുനിന്നും ഒഴിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ യുക്രൈന് വൈകിപ്പിക്കുകയാണെന്നും പുടിന് ആരോപിച്ചു.
അതേസമയം, നേരത്തെ പുടിൻ നടത്തിയ ആരോണം ഇന്ത്യ നിഷേധിച്ചിരുന്നു. ഇതിനിടെ, യുക്രൈനില്‍ ഇന്നും യുദ്ധം തുടരുകയാണ്. തലസ്ഥാന നഗരമായ കീവ് പിടിച്ചടക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും തീരനഗരങ്ങളില്‍ റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തി. യുക്രൈന് നഗരമായ എനര്‍ഹോദാര്‍ നഗരത്തിലെ സേപോര്‍സെയിയ ആണവ നിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്നും നിലയത്തിന് സമീപത്തുനിന്ന് പുക ഉയരുന്നുണ്ടെന്നും യുക്രൈനിയന്‍ സൈന്യം സ്ഥിരീകരിച്ചു.
റഷ്യന്‍ സൈന്യം ആണവനിലയത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും നിലയത്തിന് നേരെ വെടിയുതിര്‍ത്തെന്ന് യുക്രൈനിയന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. നിലയത്തിന് തീപിടിച്ചിട്ടുണ്ട്. നിലയം തകര്‍ന്നാല്‍ ചെര്‍ണോബില്‍ ദുരന്തത്തെക്കാൾ 10 ഇരട്ടി പ്രഹരശേഷിയുള്ള ദുരന്തമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. യുക്രൈന്റെ കരിങ്കടല്‍, അസോവ കടല്‍ അതിര്‍ത്തികള്‍ ഇല്ലാതാക്കുകയാണ് റഷ്യ ഇപ്പോള്‍ ചെയ്യുന്നത്.
അതേസമയം, യുദ്ധത്തിൽ കൊല്ലപ്പെട്ട റഷ്യന്‍ സൈനികരുടെ കുടുംബങ്ങള്‍ക്ക് വലിയ തുക നഷ്ടപരിഹാരമായി നല്‍കുമെന്നും പുടിന് പ്രഖ്യാപിച്ചു. യുക്രൈനിലേയും റഷ്യയിലേയും ജനത ഒന്നാണെന്നും യുക്രൈന് പിടിച്ചടക്കലാണ് ലക്ഷ്യമെന്നും പുടിന് വ്യക്തമാക്കി.
Post Your Comments