തിരുവനന്തപുരം : റഷ്യ – ഉക്രൈൻ യുദ്ധമുഖത്ത് നിന്നും മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാരെ സമയോചിതമായ ഇടപെടലിലൂടെ നാട്ടിൽ എത്തിക്കുകയാണ് കേന്ദ്രസർക്കാർ. ഓപ്പറേഷൻ ഗംഗ എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിലൂടെയാണ് ആയിരക്കണക്കിന് ഇന്ത്യാക്കാരെ കേന്ദ്രസർക്കാർ സുരക്ഷിതരായി രാജ്യത്ത് എത്തിച്ചത്. യുക്രൈയിനിൽ നിന്ന് ഡൽഹിയിലും മുംബൈയിലുമെത്തിയ 418 മലയാളികളെ സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ ഇന്നു കേരളത്തിലേക്കു കൊണ്ടുവരാൻ കഴിഞ്ഞുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രക്ഷാദൗത്യം ആരംഭിച്ചതിനുശേഷം എത്തിയ 1,070 പേരെ സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ കേരളത്തിലേക്ക് എത്തിക്കാനായിട്ടുണ്ടെന്നു മുഖ്യമന്ത്രി കണക്കുകൾ നിരത്തിയത്.
read also: റിഫ മെഹ്നുവിന്റെ മരണം ആത്മഹത്യയല്ല: സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ബന്ധുക്കൾ
കുറിപ്പ് പൂർണ്ണ രൂപം
യുക്രൈയിനിൽ നിന്ന് ഡൽഹിയിലും മുംബൈയിലുമെത്തിയ 418 മലയാളികളെ സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ ഇന്നു കേരളത്തിലേക്കു കൊണ്ടുവരാൻ കഴിഞ്ഞു. ഡൽഹിയിൽ നിന്നു രണ്ട് ചാർട്ടേഡ് വിമാനങ്ങളിലായി 360 പേരെയും, മുംബൈയിൽ എത്തിയ 58 പേരെയുമാണ് ഇന്നു കേരളത്തിലേക്ക് എത്തിക്കാനായത്. ഇവരടക്കം രക്ഷാദൗത്യം ആരംഭിച്ചതിനുശേഷം എത്തിയ 1,070 പേരെ സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ കേരളത്തിലേക്ക് എത്തിക്കാനായിട്ടുണ്ട്.
ഇന്ന് മൂന്നു വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തത്. ഇതിൽ ആദ്യ വിമാനം 180 യാത്രക്കാരുമായി ഉച്ചകഴിഞ്ഞ് 2:50ന് കൊച്ചിയിൽ എത്തി. രണ്ടാമത്തെ വിമാനം രാത്രി 8:15ഓടെ കൊച്ചിയിൽ എത്തി. ഈ വിമാനത്തിലും 180 യാത്രക്കാർ ഉണ്ട്. മൂന്നാമത്തെ വിമാനം രാത്രി 9:10ന് ഡൽഹിയിൽനിന്നു പുറപ്പെട്ടു. ഇതിൽ 155 യാത്രക്കാരുണ്ട്. മടങ്ങിയെത്തുന്നവർക്കു കൊച്ചിയിൽനിന്നു സ്വദേശങ്ങളിലേക്കു പോകാൻ നോർക്ക റൂട്ട്‌സിന്റെ നേതൃത്വത്തിൽ പ്രത്യേക ബസുകളും ഒരുക്കിയിട്ടുണ്ട്.
ബുക്കാറെസ്റ്റിൽനിന്നു രണ്ടു വിമാനങ്ങളിലായി 58 പേരാണ് ഇന്നു മുംബൈയിൽ എത്തിയത്. ഇതിൽ 22 പേരെ തിരുവനന്തപുരത്തേക്കുള്ള വിമാനങ്ങളിലും 27 പേരെ കൊച്ചിയിലേക്കുള്ള വിമാനങ്ങളിലും അഞ്ചു പേരെ കണ്ണൂരേയ്ക്കുള്ള വിമാനങ്ങളിലും നാലു പേരെ കോഴിക്കോടേയ്ക്കുള്ള വിമാനങ്ങളിലും നാട്ടിലേക്കു കൊണ്ടുവരാൻ കഴിഞ്ഞു. മുംബൈയിൽ എത്തുന്നവരെ കേരളത്തിലെ അവരുടെ സ്വദേശങ്ങളോട് ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങളിലെ ടിക്കറ്റ് ലഭ്യതയനുസരിച്ചാണു നാട്ടിലേക്ക് അയക്കുന്നത്.
Post Your Comments