ന്യൂഡല്‍ഹി: റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ പ്രതികരണവുമായി സിപിഎം. യുക്രൈനെ നാറ്റോയിൽ ഉൾപ്പെടുത്താനുള്ള നീക്കം റഷ്യക്ക് ഭീഷണിയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, റഷ്യയുടെ സൈനിക നടപടി ദൗർഭാഗ്യകരമാണെന്ന് വിലയിരുത്തിയ സിപിഎം, യുദ്ധം ഉടൻ അവസാനിപ്പിക്കുകയും സമാധാനം പുനസ്ഥാപിക്കുകയും വേണമെന്നും ആവശ്യപ്പെട്ടു.
സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം, യുഎസിന്റെ നേതൃത്വത്തിലുള്ള നാറ്റോ കിഴക്കന്‍ രാജ്യങ്ങളിലേക്ക് വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്. റഷ്യക്ക് നല്‍കിയ ഉറപ്പിന് വിരുദ്ധമാണിത്. യുക്രൈനെ നാറ്റോയില്‍ ചേര്‍ക്കാനുള്ള നീക്കം റഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. കിഴക്കന്‍ യൂറോപ്പിലെ അതിര്‍ത്തി പ്രദേശങ്ങളിലെ നാറ്റോ സാന്നിധ്യത്തില്‍ റഷ്യയ്ക്ക് ആശങ്കയുണ്ട്. യുക്രൈന്‍ നാറ്റോയില്‍ ചേരരുത് എന്നത് ഉള്‍പ്പെടെയുള്ള റഷ്യന്‍ ആവശ്യങ്ങള്‍ ന്യായമാണെന്നും സിപിഎം പ്രസ്താവനയില്‍ പറയുന്നു.
റഷ്യ ഉന്നയിച്ച സുരക്ഷാ ആശങ്കകള്‍ തള്ളിക്കളയുകയും മേഖലയിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കുകയും ചെയ്ത യുഎസിന്റെയും നാറ്റോയുടെയും നടപടി സംഘര്‍ഷം വര്‍ധിപ്പിച്ചെന്നും പ്രസ്താവനയില്‍ പറയുന്നു. സമാധാനം പുനസ്ഥാപിക്കുന്നതിന് കിഴക്കന്‍ യുക്രൈനിലെ ഡോംബാസ് പ്രവിശ്യയിലെ ജനങ്ങളുടെ ഉൾപ്പെടെ ആശങ്കകള്‍ അഭിസംബോധന ചെയ്യപ്പെടണം. കൂടിയാലോചനകള്‍ പുനരാരംഭിക്കുകയും എത്രയും വേഗം ധാരണയില്‍ എത്തുകയും വേണമെന്നും സിപിഎം പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
Post Your Comments