വാഷിങ്ടണ്‍: ഉക്രെയ്ന് വിഷയത്തില്‍ പ്രതികരിച്ച് യു. എസ് പ്രസിഡന്റ് ജോ ബൈഡന്. പുടിന് അതിക്രമിയാണെന്ന് വിശേഷിപ്പിച്ച ജോ ബൈഡന് യുദ്ധം തിരഞ്ഞെടുത്ത പുടിനും അദ്ദേഹത്തിന്റെ രാജ്യവും പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്കി. റഷ്യക്കെതിരെ കൂടുതല്‍ കടുത്ത ഉപരോധങ്ങളും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യക്കു മേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനവും ബൈഡന് നടത്തി.
റഷ്യയുടെ നാല് പ്രധാനപ്പെട്ട ബാങ്കുകള്‍ക്കുമേല്‍ കൂടി അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ഇവരുടെ അമേരിക്കയിലുള്ള ആസ്തികള്‍ മരവിപ്പിക്കും. റഷ്യക്ക് മേൽ ഉള്ള ഉപരോധ പാക്കേജ് ജി 7 അംഗീകരിച്ചതായും ബൈഡൻ പറഞ്ഞു. ‘ഇന്ന് രാവിലെ, ഉക്രെയ്നിനെതിരായ പ്രസിഡന്റ് പുടിന്റെ അന്യായമായ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഞാൻ എന്റെ ജി 7 കൂട്ടാളികളുമായി കൂടിക്കാഴ്ച നടത്തി, റഷ്യയ്ക്കെതിരെ ഉപരോധങ്ങളുടെയും മറ്റ് സാമ്പത്തിക നടപടികളുടെയും അതിശക്തമായ പാക്കേജുകൾ മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ ഒറ്റക്കെട്ടായി തീരുമാനമെടുത്തു. ഞങ്ങൾ ഉക്രെയ്നിലെ ധീരരായ ജനങ്ങൾക്കൊപ്പം നിൽക്കുന്നു,’ ബൈഡൻ പറഞ്ഞു.
21-ാം നൂറ്റാണ്ടില്‍ ഹൈടെക് സമ്പദ് വ്യവസ്ഥയില്‍ മത്സരിക്കാനുള്ള റഷ്യയുടെ കഴിവിനെ തടസ്സപ്പെടുത്തുമെന്നും ബൈഡന് പറഞ്ഞു. ‘സോവിയറ്റ് യൂണിയന്റെ പുനഃസ്ഥാപനമാണ് പുടിന്റെ ലക്ഷ്യം.’ പുടിനുമായി സംസാരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ബൈഡന് വ്യക്തമാക്കി. എന്നാൽ, റഷ്യയിലേക്ക് സൈന്യത്തെ അയക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുടിനാണ് യുദ്ധം തെരഞ്ഞെടുത്തത്, അതിൻെറ പ്രത്യാഘാതവും റഷ്യ നേരിടണമെന്ന് ബൈഡൻ കൂട്ടിച്ചേര്‍ത്തു.
Post Your Comments