Latest NewsKerala

‘വ്യക്തിപരമായ മനോവിഷമത്തെ തുടർന്നായിരുന്നു ആ പോസ്റ്റ്’: ഖേദം പ്രകടിപ്പിച്ച് യു പ്രതിഭ, പിന്നാലെ പേജ് അപ്രത്യക്ഷമായി

'സമൂഹ മാധ്യമ വേദികളിൽ നിന്ന് തൽക്കാലം വിട്ടുനിൽക്കുന്നു' എന്നും പ്രതിഭ പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ആലപ്പുഴ: കായംകുളം നിയോജക മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്ന ഫേസ്ബുക്ക് പോസ്റ്റിൽ ഖേദം പ്രകടിപ്പിച്ച് യു പ്രതിഭ എംഎൽഎ . വ്യക്തിപരമായ മനോവിഷമത്തെ തുടർന്നായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ്. പാർട്ടിക്ക് അപ്രിയമായ ഒരു പ്രവൃത്തിയും ഇനി ഉണ്ടാവില്ല. കാരണങ്ങൾ ഇല്ലാത്ത കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ചിലരിൽ നിന്ന് ഉണ്ടായി. ‘സമൂഹ മാധ്യമ വേദികളിൽ നിന്ന് തൽക്കാലം വിട്ടുനിൽക്കുന്നു’ എന്നും പ്രതിഭ പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

പോസ്റ്റ് ഇട്ടതിനു തൊട്ടു പിന്നാലെ എംഎൽഎയുടെ ഫേസ് ബുക്ക് പേജ് അപ്രത്യക്ഷമായിട്ടുണ്ട്. അതേസമയം, പാർട്ടി ഫോറത്തിൽ പറയാതെ നവമാധ്യമങ്ങളിൽ ആരോപണങ്ങൾ ഉന്നയിച്ചത് ഗൗരവതരമെന്നാണ് സിപിഎം വിലയിരുത്തൽ. തന്നെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നും, മണ്ഡലത്തിൽ വോട്ടുചോർച്ച ഉണ്ടായെങ്കിലും പാർട്ടി പരിശോധിച്ചില്ലെന്നും തുടങ്ങിയ ആരോപണങ്ങൾ ആയിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിഭ ആരോപിച്ചത്. എന്നാൽ ഇത്തരം പരാതികൾ ഒരു പാർട്ടി വേദിയിലും എംഎൽഎ ഉന്നയിച്ചിരുന്നില്ല എന്നതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്.

പ്രതിഭയുടെ വിവാദ പോസ്റ്റ് ഇങ്ങനെ,

നമ്മുടെ പാർക്ക് ജംഗ്ഷൻ പാലം നിർമ്മാണം പുരോഗമിക്കുന്നു. കഴിഞ്ഞദിവസം പോസ്റ്റ് ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ എന്റെ ശ്രദ്ധയിൽ തന്നിരുന്നു. അത് പരിഹരിച്ചിട്ടുണ്ട്. ഓരോ വികസനം ചെയ്യുമ്പോഴും ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ മുഖമാണ് എനിക്ക് സംതൃപ്തി നൽകുന്നത്. എന്നെ കൊണ്ട് സാധ്യമായതൊക്കെ ഇനിയും കായംകുളത്തിനായ് ചെയ്യും. തെരഞ്ഞെടുപ്പു കാലത്ത് കായംകുളത്തെ ചിലർക്കെങ്കിലും ഞാൻ അപ്രിയയായ സ്ഥാനാർത്ഥിയായിരുന്നു…. എന്നാൽ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നു. അഭിമാനകരമായി നമ്മൾക്ക് ജയിക്കാൻ കഴിഞ്ഞു..

ബോധപൂർവമായി തന്നെ എന്നെ തോൽപ്പിക്കാൻ മുന്നിൽ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ, പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയിൽ വന്നതും ദുരൂഹമാണ്.. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാർട്ടി എന്ന് ഞാൻ വിശ്വസിക്കുന്നില്ല.. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചർച്ചയായപ്പോൾ പോലും കായംകുളത്തെ വോട്ട് ചോർച്ച എങ്ങും ചർച്ചയായില്ല… ഏറ്റവും കൂടുതൽ വോട്ട് ചോർന്നുപോയത് കായംകുളത്തു നിന്നാണ്..

കേരള നിയമസഭയിൽ കായംകുളത്തെ ആണ് അഭിമാനപൂർവം പ്രതിനിധീകരിക്കുന്നത്.. എനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിലെ സർവ്വസമ്മതരായ് നടക്കുന്നു. ഹാ കഷ്ടം എന്നല്ലതെ എന്ത് പറയാൻ. 2001ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പൂർണ്ണ മെമ്പറായിപ്രവർത്തനം ആരംഭിച്ച എനിക്ക് ഇന്നും എന്നും എന്റെ പാർട്ടിയോട് ഇഷ്ടം.. കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങൾ ചവറ്റുകുട്ടയിൽ ആകുന്ന കാലം വിദൂരമല്ല.. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല..

shortlink

Related Articles

Post Your Comments

Related Articles


Back to top button