ഇരിങ്ങാലക്കുട: തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്ററിനെതിരെ നടൻ ഇന്നസെന്റ്. ‘ഒരാവേശത്തിന് ഞാൻ ഇടതുപക്ഷക്കാരനായി, അതെന്റെ തെറ്റ്’ എന്ന തലക്കെട്ടോട് കൂടി ഫേസ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലും പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണെന്നും മരണം വരെ താൻ കമ്മ്യൂണിസ്റ്റുകാരനായി തന്നെ തുടരുമെന്നും ഇന്നസെന്റ് വ്യക്തമാക്കുന്നു. തന്റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു എന്ന് വെളിപ്പെടുത്തിയ ഇന്നസെന്റ്, ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് വളര്‍ന്നതും ജീവിച്ചതും എന്നും വ്യക്തമാക്കുന്നു.
തന്റെ പേരിൽ ഇറക്കിയ വ്യാജ പ്രസ്താവനയെ കുറിച്ച് ഇതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും താരം വ്യക്തമാക്കുന്നു. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു ഇന്നസെന്റിന്റെ വിശദീകരണം. ‘എന്റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു. ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാൻ വളർന്നതും ജീവിച്ചതും. മരണം വരെ അതിൽ മാറ്റമില്ല. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ തന്നെ പറഞ്ഞോളാം. മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ല. എന്റെ പേരിൽ ഇറക്കിയ മറ്റൊരു വ്യാജ പ്രസ്താവന കൂടി ഇന്ന് കാണുകയുണ്ടായി. അതുകൊണ്ട് മാത്രം പറഞ്ഞതാണ്’, ഇന്നസെന്റ് വ്യക്തമാക്കി.
ഇന്നസെന്റിന്റേതെന്ന തരത്തിൽ പ്രചരിച്ച പോസ്റ്ററിൽ പറയുന്നതിങ്ങനെ:
സിനിമയിൽ നിന്ന് വന്നപ്പോൾ ഒരാവേശത്തിന് ഞാൻ ഇടതുപക്ഷക്കാരനായി. അതെന്റെ വലിയ തെറ്റ്. കമ്മ്യൂണിസം യഥാർത്ഥത്തിൽ ജനസേവനത്തിന്റെ ഏഴയലത്ത് പോലും പ്രവർത്തിക്കുന്നില്ല. ഇവിടെ നേതാക്കൾ ഉല്ലസിക്കുന്നു. അണികൾ ത്യാഗങ്ങൾ സഹിച്ച് ആർപ്പുവിളിക്കുന്നു. പൊതുജനം നിസഹായരായി നോക്കി നിൽക്കുന്നു.
Post Your Comments