ചണ്ഡീഗഢ്: പഞ്ചാബ് വനിതാ കമ്മീഷൻ അധ്യക്ഷയും കോൺഗ്രസ് നേതാവുമായ മനീഷാ ഗുലാത്തി ബിജെപിയിലേക്ക് ചേക്കേറി. തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന പഞ്ചാബിൽ കോൺഗ്രസിന് ഏൽക്കുന്ന കനത്ത തിരിച്ചടി തന്നെയാകും മനീഷയുടെ ഈ കൂടുമാറ്റം. പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയിലാണ് മനീഷ ഗുലാത്തി ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിക്കുന്നത്. മന്ത്രി ആയിരിക്കെ ഛന്നിക്കെതിരെ ഉയർന്ന മീ ടു ആരോപണത്തിൽ മനീഷ ഗുലാത്തി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസ് നേതൃത്വവുമായി മനീഷ അകന്നത്.
‘എന്നോട് കാറ്റിന്റെ ദിശ ചോദിക്കരുത്. ഇതുവരെ ഉണ്ടായിരുന്നത് ശ്വാസംമുട്ടിക്കുന്ന രാഷ്ട്രീയം ആയിരുന്നു. ഇപ്പോൾ ഒരു പുതിയ തുടക്കം ആണ്. മനീഷയുടെ ശബ്ദം ഇനി മുതൽ സ്വതന്ത്രമായി പ്രതിധ്വനിക്കും’ എന്ന് മനീഷ ട്വീറ്റ് ചെയ്തു. കഴിഞ്ഞ വർഷം മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിക്കെതിരെ മീ ടൂ ആരോപണം ഉയരുന്നതിന് പിന്നാലെയാണ് പഞ്ചാബ് വനിതാ കമ്മീഷൻ അധ്യക്ഷ മനീഷ ഗുലാത്തി പൊതുജനശ്രദ്ധയിലേക്ക് എത്തുന്നത്.
2021 മെയ് മാസത്തിൽ ഒരു വനിതാ ഐഎഎസ് ഉദ്യോഗസ്ഥ മുഖ്യമന്ത്രി ഛന്നിക്കെതിരെ ഉന്നയിച്ച പീഡന ആരോപണത്തിൽ സംസ്ഥാന സർക്കാർ വിശദീകരണം നൽകിയില്ലെങ്കിൽ നിരാഹാര സമരം നടത്തുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ മനീഷ ഗുലാത്തി മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നീട്, ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ ഉറപ്പിലും നോട്ടീസിന് മറുപടി ലഭിച്ച സാഹചര്യത്തിലും സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിക്കാനുള്ള പദ്ധതി അവർ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലായ മനീഷയാണ് ഇപ്പോൾ സുപ്രധാന നിലപാട് സ്വീകരിച്ചിരിക്കുന്നത്.
Post Your Comments