കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. പുറത്ത് വന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അന്തേവാസിയുടെ കഴുത്തില്‍ മുറുകെ പിടിച്ച് ശ്വാസം മുട്ടിച്ചതാണ് യുവതി മരിക്കാന്‍ കാരണമെന്ന് തെളിഞ്ഞിരിക്കുന്നു.
കൊലയാളിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ തന്നെയുള്ളയാളാണ്. പ്രതിയുടെ മാനസികാരോഗ്യ നില പരിശോധിച്ച ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക.
മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരോട് കൂടിയാലോചിച്ച ശേഷം അറസ്റ്റ് നടപടികള്‍ ഉണ്ടാകുമെന്നും കോഴിക്കോട് സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആമോസ് മാമന്‍ പറഞ്ഞു. ജിയറാമിന്റെ ശരീരത്തില്‍ മുഴുവന്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തലയുടെ പിന്‍വശത്ത് അടിയേറ്റാല്‍ ഉണ്ടാകുന്നതിന് സമാനമായ മുഴയും കണ്ടെത്തിയിരുന്നു. ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്ന നിലയിലായിരുന്നു മൃതദേഹം. ഇടതു കൈയില്‍ തലമുടി മുറുകെ പിടിച്ചതിന്റെ അടയാളവും മുടിയുമുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയത്. മാനസികാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നുണ്ട്. സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. എഡിഎംഒ ഡോ പിയൂഷ് നമ്പൂതിരിക്കാണ് അന്വേഷണ ചുമതല. മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടിനെ ഇന്നലെയാണ് ആശുപത്രിയിലെ സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ അഞ്ചരയോടെ സെല്ലില്‍ ഭക്ഷണം വിതരണം ചെയ്യാനെത്തിയ ജീവനക്കാരാണ് ജിയറാം ജിലോട്ടിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ ദിവസം വൈകിട്ട് ഈ സെല്ലിലെ അന്തേവാസികള്‍ തമ്മില്‍ അടിപിടിയുണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു. ഭര്‍ത്താവിനെ തേടി തലശ്ശേരിയില്‍ എത്തിയ ജിയറാം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരി 28നാണ് പൊലീസ് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.
Post Your Comments