പുലരാൻ തുടങ്ങുമൊരു രാത്രിയിൽ
തനിയേകിടന്നു മിഴിവാർക്കവേ
ഒരു നേർത്ത തെന്നലലിവോടെ വന്നു
നെറുകിൽ തലോടി മാഞ്ഞുവോ..
നെറുകിൽ തലോടി മാഞ്ഞുവോ…
ബെത് ലഹേമിലെ ഡെന്നിസിൻ്റെ പ്രണയവും നൊമ്പരങ്ങളും നിരഞ്ജനെ സ്നേഹിച്ച ആമിയുടെ മൗനവും അത്രമേൽ ഭാവ സുന്ദരമായി വരഞ്ഞിട്ട വരികൾ …. പിന്നീടനേകം ഡെന്നിസുമാരും ആമിമാരും പല കാലങ്ങൾ കടന്നു പോയി ഒരു രാത്രി കൂടി വിടവാങ്ങവേ മൂളിക്കൊണ്ട് ,അതിലലിഞ്ഞു കൊണ്ട്. ,അതിൽ ജീവിതം കണ്ടെത്തിക്കൊണ്ട് ….. അങ്ങനെയങ്ങനെ
പ്രണയ വിരഹങ്ങളെ അതി മൃദുലമായി ചേർത്തു പിടിക്കുന്ന മാന്ത്രിക സ്പർശം ഒരു രാത്രി കൂടി വിടവാങ്ങവേ എന്ന ഗാനത്തിനുണ്ട്…
read also: കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് മൂവായിരത്തിൽ താഴെ കേസുകൾ
പലനാളലഞ്ഞ മരുയാത്രയിൽ
ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ
മിഴികൾക്കു മുമ്പിലിതളാർന്നു നീ
വിരിയാനൊരുങ്ങി നിൽക്കയോ..
വിരിയാനൊരുങ്ങി നിൽക്കയോ…
പ്രണയവും പ്രതീക്ഷയും നനുത്ത തൂവൽ സ്പർശം പോലെ അനുവാചകനിൽ പടരുമ്പോൾ ഗിരീഷ് പുത്തഞ്ചേരി എന്ന രചയിതാവ് അത്ഭുതങ്ങൾ സൃഷ്ടിച്ച. എഴുത്തുകാരനാകുന്നു. .. അതിലളിതമായ പദങ്ങളിലൂടെ ശ്രോതാവിൻ്റെ / പ്രേക്ഷകൻ്റെ മൃദുല വികാരങ്ങളെ തഴുകിയുണർത്താൻ കഴിയുന്ന അസാമാന്യമായ പ്രതിഭ പുത്തഞ്ചേരിക്കുണ്ടായിരുന്നു.
മലർമഞ്ഞു വീണ വനവീഥിയിൽ
ഇടയന്റെ പാട്ടു കാതോർക്കവേ..
ഒരു പാഴ്ക്കിനാവിലുരുകുന്നൊരെൻ
മനസ്സിന്റെ പാട്ടു കേട്ടുവോ..
മനസ്സിന്റെ പാട്ടു കേട്ടുവോ…
എത്രയോ പ്രണയിതാക്കൾ എത്രയോ ഇരുട്ടിൽ അനേക വട്ടം കേട്ടും പാടിയും ഉള്ളിലെ വിങ്ങലുകളെ തണുപ്പിച്ചും ആശ്വസിപ്പിച്ചും കഴിഞ്ഞു കൂടിയിട്ടുണ്ട്.-
നിഴൽ വീഴുമെന്റെ ഇടനാഴിയിൽ
കനിവോടെ പൂത്ത മണിദീപമേ..
ഒരു കുഞ്ഞു കാറ്റിലണയാതെ നിൻ
തിരിനാളമെന്നും കാത്തിടാം..
തിരിനാളമെന്നും കാത്തിടാം..
ശുഭപ്രതീക്ഷയുടെ നെയ്ത്തിരി നാളങ്ങൾ കാത്തു വെയ്ക്കുന പ്രണയത്തിൻ്റെ അതി മനോഹരമായ ഭാവങ്ങളെ സമ്മർ ഇൻ ബെത് ലഹേമിലെ ഈ ഗാനത്തിൽ ചേർത്തു വെയ്ക്കുകയായിരുന്നു ഗിരീഷ് പുത്തഞ്ചേരി എന്ന അതുല്യപ്രതിഭ ,മരണാനന്തരവും ഓർമ്മ ദിനമെന്ന അനുഷ്ഠാന പ്രക്രിയയ്ക്കുമപ്പുറവും കാലാതിവർത്തിയായ അനേകമനേകം ഗാനങ്ങൾ മലയാളിക്കു നൽകിയ പുത്തഞ്ചേരിക്കുള്ള ശ്രദ്ധാഞ്ജലി അദ്ദേഹത്തിൻ്റെ പാട്ടുകളെ കൂടെ കൂട്ടുക എന്നതു മാത്രമാണ്..
നിഴലും വെളിച്ചവും ഒളിച്ചു കളിക്കുന്ന ഭൂ ഇടങ്ങളിലൂടെ ആമിയും ഡെന്നിസും നടന്നു നീങ്ങുന്നത് ഓരോരുത്തരുടേയും ഉള്ളിലുണ്ട്. പറയാത്ത പ്രണയത്തിൻ്റെ ഉളളുരുക്കങ്ങളും… അനിശ്ചിതത്വം നിറഞ്ഞ കാത്തിരിപ്പുകളുമെല്ലാം നിറഞ്ഞ. പ്രണയ വരികൾ പുത്തഞ്ചേരിയെന്ന പ്രതിഭയെ നമ്മോടു ചേർത്തു നിർത്തുന്നു … ഡെന്നിസുമാരും ആമിമാരും നമുക്കിടയിലുണ്ടാകും പ്രണയവിരഹങ്ങൾക്കിടയിൽ,
പുലരാൻ തുടങ്ങുമൊരു രാത്രിയിൽ
തനിയേകിടന്നു മിഴിവാർക്കുമ്പോൾ
ഒരു നേർത്ത തെന്നലെന്ന പോലെ
നെറുകിൽ തലോടി ഈ ഗാനം കടന്നു വന്നു കൊണ്ടേയിരിക്കും………
സംഗീതമുള്ള, പ്രണയമുള്ള കാലത്തോളം ,പുത്തഞ്ചേരി എന്ന പ്രതിഭയുടെ മാന്ത്രികതൂലികയെയും ഓർമ്മപ്പെടുത്തിക്കൊണ്ട്
രശ്മി അനിൽ
Post Your Comments