വാഷിങ്ടൺ: കോവിഡ് മുക്തരെ ഞെട്ടിക്കുന്ന കണ്ടെത്തലാണ് അമേരിക്കയിൽ നിന്നും പുറത്തു വന്നിരിക്കുന്നത്. കോവിഡ് ബാധയ്ക്കു ശേഷം രോഗമുക്തരായവർക്ക് ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത വർധിച്ചിരിക്കുന്നതായാണ് പഠനങ്ങൾ തെളിയിക്കുന്നത്.
അമേരിക്കയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് വെറ്ററൻസ് അഫയേഴ്സ് നടത്തിയ പഠനത്തിലാണ് ഈ കാര്യങ്ങൾ വ്യക്തമായിരിക്കുന്നത്. വാക്സിൻ ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിൽ, കോവിഡ് ബാധിച്ച 1.53 ലക്ഷം പേരിലും, വൈറസ് ബാധ ഏൽക്കാതിരുന്ന 56 ലക്ഷം പേരിലും, കോവിഡിനു മുൻപ് വിവരങ്ങൾ ശേഖരിച്ച 59 ലക്ഷം പേരിലും നടത്തിയ പഠനങ്ങളിലാണ് ഈ വിവരങ്ങൾ കണ്ടെത്തിയത്. കോവിഡ് രോഗമുക്തി നേടി ഏകദേശം ഒരു വർഷത്തിന് ശേഷം, രോഗം ബാധിച്ചവരിൽ ഹൃദയാഘാതത്തിനുള്ള സാധ്യത 63% ഉയർന്നിരിക്കുന്നതായി പഠനങ്ങൾ കണ്ടെത്തി.
ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നതിനുള്ള സാധ്യത 69 ശതമാനവും, സ്ട്രോക്ക് വരാനുള്ള സാധ്യത 52 ശതമാനവും, ഹൃദയം നിലച്ചു പോകാനുള്ള സാധ്യത 72 ശതമാനവും വർദ്ധിച്ചിരിക്കുന്നതായി നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. ശ്വാസകോശത്തിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത, രോഗം വരാത്തവരെ അപേക്ഷിച്ച് മൂന്നു മടങ്ങാണ് വർധിച്ചിരിക്കുന്നതെന്നത് ഞെട്ടിക്കുന്ന കണ്ടെത്തലാണ്. നേച്ചർ മെഡിസിനിൽ, തിങ്കളാഴ്ച പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോർട്ടിൽ ഇവയെല്ലാം പരാമർശിക്കുന്നു.
ശ്രദ്ധിക്കേണ്ട ഒരു കാര്യമെന്തെന്നാൽ, കോവിഡ് മുക്തരായ എല്ലാവരിലും പ്രായഭേദമന്യേ ഈ പ്രത്യാഘാതങ്ങൾ കാണപ്പെടുന്നുണ്ട്. കിഡ്നി രോഗം ഉള്ളവരിലും ഇല്ലാത്തവരിലും, പ്രമേഹം ഉള്ളവരിലും ഇല്ലാത്തവരിലും, പുകവലിക്കുന്നവരിലും വലിക്കാത്തവരിലുമെല്ലാം യാതൊരു പക്ഷഭേദമില്ലാതെ തന്നെ ഈ പ്രശ്നങ്ങൾ ഒരുപോലെ പ്രത്യക്ഷപ്പെടുന്നു. അതുകൊണ്ടു തന്നെ, എല്ലാവരും ജാഗരൂകരായിരിക്കണമെന്ന് വാഷിംഗ്ടൺ സർവകലാശാലയിലെ ഗവേഷകനായ സിയാദ് അൽ അലി മുന്നറിയിപ്പ് നൽകുന്നു.
ഗുരുതരമല്ലാത്ത രീതിയിൽ കോവിഡ് ബാധിച്ചവരിലും, ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ തന്നെ രോഗം മാറിയവരിലും ഒരുപോലെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി അലി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തുന്നു.
Post Your Comments