
ശ്രീനഗർ: വിനോദസഞ്ചാരികൾക്ക് അത്ഭുതക്കാഴ്ചയായി കശ്മീരിൽ ഇഗ്ലൂ കഫെ. ഗുൽമാർഗിലാണ് ഇഗ്ലൂ കഫെ നിർമ്മിച്ചിരിക്കുന്നത്. അന്റാർട്ടിക്കയിൽ എസ്‌കിമോകൾ കനത്ത മഞ്ഞിൽ നിന്നും രക്ഷ നേടാനായി ഐസ് പാളികൾ കൊണ്ട് നിർമ്മിക്കുന്ന വീടുകളാണ് ഇഗ്ലൂ. ഗുൽമാർഗിൽ നിർമ്മിച്ചിരിക്കുന്ന ഈഗ്ലൂ കഫെ കാണാൻ നിരവധി സന്ദർശകരാണ് എത്തുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ഇഗ്ലൂവാണ് ഗുൽമാർഗിൽ നിർമ്മിച്ചിരിക്കുന്നതെന്ന് നിർമ്മാതാക്കളിൽ ഒരാളായ മഹൂർ പറഞ്ഞു. ലോക റെക്കോർഡിനായി അപേക്ഷിച്ചിട്ടുണ്ടെന്നും അതിന്റെ നടപടികൾ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. അവസാന ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത് 2016ൽ സ്വിറ്റ്‌സർലാൻഡിൽ നിന്നുള്ള ഇഗ്ലൂ കഫെയാണ്. സ്വിറ്റ്‌സർലൻഡിലെ ഈഗ്ലൂ കഫെയെക്കാൾ 37.5 അടി ഉയരവും 44.05 അടി വീതിയും ഈ ഈഗ്ലൂ കഫെയ്‌ക്കുണ്ടെന്ന് മഹൂർ പറഞ്ഞു.
രണ്ട് ഭാഗങ്ങളായിട്ടാണ് ഇഗ്ലൂ കഫെ തയ്യാറാക്കിയിരിക്കുന്നത്. ഒന്ന് ഇരിപ്പിടത്തിനു വേണ്ടിയും, മറ്റൊന്ന് ആർട്ട് സ്‌പേസിനും വേണ്ടിയാണ് നിർമ്മിച്ചിരിക്കുന്നത്. ചുമരിൽ കൊത്തു പണികളും ചെയ്തിട്ടുണ്ട്. ആടിന്റെ തോലാണ് കഫെയ്‌ക്കുള്ളിലെ മേശവിരിയായി ഉപയോഗിച്ചിരിക്കുന്നത്. രണ്ട് മാസമെടുത്താണ് ഇഗ്ലൂ കഫെയുടെ നിർമ്മാണം പൂർത്തിയാക്കിയത്. സന്ദർശകർക്ക് പരമ്പരാഗത കശ്മീരി വിഭവങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
Post Your Comments