ദാസ് നിഖിൽ എഴുതുന്നു…
ചൈനയുടെ ആക്രമണ തന്ത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സലാമി സ്ലൈസിങ്. ജോസഫ് സ്റ്റാലിന്റെ കടുത്ത ആരാധകനായിരുന്ന ഹംഗറി ഭരണാധികാരി മത്തായസ് റക്കോസി, ഹംഗറി പിടിച്ചടക്കാൻ കമ്മ്യൂണിസ്റ്റുകാർ ഉപയോഗിച്ച യുദ്ധതന്ത്രത്തെയാണ് ആദ്യമായി ഈ പേരിൽ വിശേഷിപ്പിച്ചത്. വളരെ സാവധാനമുള്ള, കൃത്യമായ കരുനീക്കങ്ങളിലൂടെയുള്ള യുദ്ധതന്ത്രമാണ് സലാമി സ്ലൈസിങ്.
പോർക്ക് ഉണക്കിയുണ്ടാക്കുന്ന സ്വാദിഷ്ടമായ സലാമി എന്ന വിഭവത്തിൽ നിന്നാണ് ‘സലാമി സ്ലൈസിങ്’ എന്ന പദം ഉരുത്തിരിഞ്ഞു വന്നത്. പന്നിയിറച്ചി ലഭ്യമല്ലാത്ത കാലത്ത് ഉണക്കി സൂക്ഷിച്ചിരുന്ന സോസേജുകൾ വളരെ സൂക്ഷ്മതയോടെയാണ് ഉപയോഗിച്ചിരുന്നത്. വളരെ നേർത്ത പാളികളായി മുറിച്ചെടുത്താണ് ഇവ പാചകം ചെയ്യുക. അതു തന്നെയാണ് ഈ യുദ്ധതന്ത്രം നടപ്പാക്കാൻ ചൈന ഉപയോഗിക്കുന്ന ശൈലി.
അപ്രകാരം, ധൃതിപിടിച്ചൊന്നും ചെയ്യാതെ സാവധാനം അൽപാൽപ്പമായി തങ്ങളുടെ ആശയങ്ങളും ആക്രമണ പദ്ധതികളും നടപ്പിലാക്കുന്ന യുദ്ധതന്ത്രത്തെയാണ് സലാമി സ്ലൈസിങ് എന്ന് വിശേഷിപ്പിക്കുക. അന്താരാഷ്ട്ര അതിർത്തികളിലെ ‘സ്റ്റാറ്റസ് ക്വോ’ (സ്ഥിതിഗതികൾ നിലവിലുള്ള പോലെ തന്നെ മാറ്റമില്ലാതെ തുടരുന്ന അവസ്ഥ) ഒറ്റയടിക്ക് മാറ്റം വരുത്തുകയെന്നത് അത്യധികം അപകടം പിടിച്ച പരിപാടിയായതിനാൽ, പെട്ടന്നുള്ള നീക്കത്തിലൂടെ വലിയ പ്രശ്നങ്ങളുണ്ടാക്കാതെ സാമ്പത്തികമായും സാംസ്കാരികമായും ചാരപ്രവർത്തിയിലൂടെയും സാവധാനം അടിവേര് മാന്തി ഒരു രാജ്യത്തെ പിടിച്ചടക്കുക എന്നതാണ് ചൈനയുടെ നയം.
2022 ജനുവരി ഒന്നാം തീയതി മുതൽ, ചൈന ലാൻഡ് ബോർഡർ ലോ എന്ന കര അതിർത്തി നിയമവ്യവസ്ഥ പ്രാബല്യത്തിൽ കൊണ്ടുവന്നു. ഇതുപ്രകാരം, ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി, പാരാമിലിറ്ററി പീപ്പിൾസ് ആംഡ് പോലീസ് എന്നിവയ്ക്ക് കര അതിർത്തിയുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനുള്ള അവകാശവും അതിലുപരി ഉത്തരവാദിത്വവുമുണ്ട്. ഈ നിയമം ഇന്ത്യയ്ക്ക് അത്യന്തം അപകടകരമാണ് എന്ന് പറയേണ്ട കാര്യമില്ലല്ലോ. ഈ നിയമം നടപ്പിലാക്കുന്നുവെന്ന പേരിൽ, അതിർത്തിയിലെ തർക്ക പ്രദേശങ്ങളിലെല്ലാം ആധിപത്യം സ്ഥാപിക്കുകയാണ് ചൈന ആദ്യം ചെയ്യുക.
അതിർത്തിയോടു ചേർന്നു കിടക്കുന്ന തന്ത്രപ്രധാന പ്രദേശങ്ങളിൽ വികസന പ്രവർത്തനങ്ങൾ എന്ന പേരിൽ ചൈന നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഒരു നിർണായക ഘട്ടം വന്നുകഴിഞ്ഞാൽ, യുദ്ധോപകരണങ്ങൾ നിഷ്പ്രയാസം അതിർത്തിയിലെത്തിക്കാനുള്ള സജ്ജീകരണങ്ങളാണ് ഇതിന്റെ മറവിൽ ഒരുക്കുക. ഇങ്ങനെ നിർമിക്കുന്ന അതിർത്തി നഗരങ്ങളിൽ, ടിബറ്റിലെയും ചൈനയിലെയും പ്രാന്തപ്രദേശങ്ങളിൽ യുവാക്കളെ കൊണ്ടു വന്നു താമസിപ്പിക്കും. ഇവിടെ താമസിക്കുന്നവർക്ക് 5000 യുവാൻ പാരിതോഷികമായി ചൈന നൽകുന്നുവെന്ന് ടിബറ്റ് ഡെയിലി റിപ്പോർട്ട് ചെയ്തത് കുറച്ചു വർഷം മുൻപാണ്. 62,000 കെട്ടിടങ്ങളിലായി 2,40,000 പേരെ പാർപ്പിക്കാനാണ് ചൈനയുടെ ഉദ്ദേശമെന്നും ലേഖനത്തിൽ എഴുതിയിരുന്നു. ജലം, വൈദ്യുതി, വാർത്താവിനിമയം, സ്കൂളുകൾ, ആരോഗ്യകേന്ദ്രങ്ങൾ എന്നിവയെല്ലാം ഇവിടെ സ്ഥാപിക്കപ്പെട്ടു. അതിർത്തി സംരക്ഷണ സേനയെ സഹായിക്കാനെന്ന പേരിൽ, നൂറോളം ചൈനീസ് യുവാക്കളാണ് അതിർത്തിക്ക് സമീപം പട്രോളിങ് നടത്തുന്നതെന്നും ലേഖകൻ പരാമർശിക്കുന്നു.
ഒരു യുദ്ധമുണ്ടായാൽ, ഈ അതിർത്തിയിലെ ഈ ഗ്രാമം മുഴുവൻ ചൈനയ്ക്ക് ഒരു ബഫർസോണായി പ്രവർത്തിക്കും. അപ്പുറത്തെ രാജ്യത്തിന് പ്രത്യാക്രമണം നടത്താൻ കഴിയാത്ത വിധം ഇവരെ ചൈനീസ് സൈന്യം മറ പിടിക്കും. ഈ കെട്ടിടങ്ങളിൽ, രഹസ്യമായി പ്രവർത്തിക്കുന്ന നിരവധി മിലിറ്ററി ഇൻസ്റ്റലേഷനുകളും ഉണ്ടായിരിക്കും. അതിർത്തിയിൽ ചൈനയുടെ ബലം കൂട്ടാൻ ഉപകരിക്കുമെന്ന് ദീർഘവീക്ഷണത്തോടെയാണ് ഇവ പണികഴിപ്പിയ്ക്കപ്പെടുന്നത് തന്നെ.
പ്രശസ്ത ഭൗമതന്ത്രജ്ഞനും എഴുത്തുകാരനുമായ ബ്രഹ്മ ചെല്ലാനി, ഈ നീക്കത്തെ കുറച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതൊക്കെ അവകാശപ്പെട്ട കാശ്മീർ പ്രദേശമായ അക്സായ് ചിൻ, ചൈന പിടിച്ചടക്കിയത് സലാമി സ്ലൈസിങ് എന്ന തന്ത്രം ഉപയോഗിച്ചാണ്. 1974-ൽ, വിയറ്റ്നാമിൽ നിന്നും ചൈനീസ് നാവികസേന പാരസൽ ദ്വീപുകൾ പിടിച്ചടക്കിയതും ഘട്ടം ഘട്ടമായുള്ള ഈ കാർന്നു തിന്നുന്ന നയത്തിലൂടെയാണ്. ജോൺസൺ റീഫ് എന്ന പാറക്കൂട്ടങ്ങൾ നിറഞ്ഞ ചെറു ദ്വീപ് ഫിലിപ്പൈൻസിൽ നിന്നും 1988-ൽ പിടിച്ചടക്കിയതും, 1995-ൽ, തായ്‌വാൻ, ഫിലിപ്പൈൻസ് ഇവർ അവകാശവാദമുന്നയിക്കുന്ന മിസ്ചീഫ് റീഫ് പിടിച്ചടക്കിയതും ഇതേ യുദ്ധതന്ത്രം ഉപയോഗിച്ചാണ്.
നിലവിൽ, ചൈനയുടെ ഏറ്റവും വലിയ ലക്ഷ്യമായ ദക്ഷിണ ചൈനാ കടലിൽ, എക്സ്ക്ലൂസിവ് എക്കണോമിക് സോൺ സൃഷ്ടിച്ചു കൊണ്ട് ചൈന പയറ്റുന്നതും ഈ കാൻസർ പോലെ പടരുന്ന സ്ട്രാറ്റജിയാണ്. ഇന്ത്യയുടെ അതിർത്തി പ്രദേശമായ അരുണാചൽ പ്രദേശിലും, കശ്മീരിലെ ഗാൽവാൻ മേഖലയിലും ചൈന ഇതേ നയം നിശബ്ദമായി നടപ്പിലാക്കുന്നു. തന്നെ നൽകി കുടുംബമടക്കം എഴുതി വാങ്ങുകയെന്ന ചൈനയുടെ കുപ്രസിദ്ധ ‘ഡെബ്റ്റ് ട്രാപ്പ് ഡിപ്ലോമസി’ എന്ന സാമ്പത്തിക യുദ്ധതന്ത്രം, ചാരപ്രവർത്തനം, ഇൻഫർമേഷൻ വാർ എന്ന വിവര യുദ്ധം, ഒരു രാജ്യത്തെ ഇടതുപക്ഷ, പുരോഗമന ചിന്താഗതിക്കാരെ വിലക്കെടുത്ത് ‘ഭരണാധികാരികളെന്ന സങ്കൽപം തേച്ചുമാച്ചു കളഞ്ഞ് ബുദ്ധിപൂർവം സൃഷ്ടിക്കുന്ന രാഷ്ട്രീയ അരാജകത്വം’, എന്നിവയെല്ലാം സലാമി സ്ലൈസിങ്ങിന്റെ ഭാഗം തന്നെയാണ്. ശ്രീലങ്കയിലും ഡിജിബൂട്ടിയിലും കെനിയയിലും ഈജിപ്തിലും എത്യോപ്യയിലും ചൈന ഈ തന്ത്രം വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. ഇന്ത്യ ഒരു രാഷ്ട്രമല്ല, ഒരുപാട് ചെറു രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ്’ എന്ന ചിന്താധാരയിലൂടെ, ഭാരതത്തിലും അതിന്റെ അലയൊലികൾ മുഴങ്ങുന്നുണ്ട് എന്ന കാര്യം കൂടി ഈയവസരത്തിൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
Post Your Comments