ദുബായ്: യു.എ.ഇയിൽ കഴിഞ്ഞ ദിവസം ബഹുനില കെട്ടിടങ്ങളിൽ നിന്ന് വീണ് രണ്ട് കുട്ടികൾ മരിച്ചതിന് പിന്നാലെ രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി അധികൃതർ. ബാൽക്കണിയിലേക്കുള്ള വാതിലുകളും ഫ്ലാറ്റിന്റെ ജനാലകളും കൃത്യമായി അടക്കണമെന്ന നിർദ്ദേശമാണ് അധികൃതർ നൽകിയിരിക്കുന്നത്. മാതാപിതാക്കളുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമാകുന്നത്.
യു.എ.ഇയിൽ 2012 നും 2022 നും ഇടയിൽ 30 ലധികം കുട്ടികൾ ജനാലകളിൽ നിന്നും ബാൽക്കണികളിൽ നിന്നും വീണ് മരിച്ചിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ബാൽക്കണികൾക്കും ജനാലകൾക്കും സമീപം ഫർണിച്ചറുകളും മറ്റു വസ്തുക്കളും വയ്ക്കുന്നതിനാലാണ് ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നത്. ബാൽക്കണികളുടെ വാതിൽ അലക്ഷ്യമായി തുറന്നിടുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്.
അഴികളില്ലാത്ത ജനാലകളാണ് എല്ലാ ഫ്ലാറ്റുകളിലുമുള്ളത്. ഇതിന് സമീപം വയ്ക്കുന്ന വസ്തുക്കളിൽ കയറുമ്പോഴാണ് കുട്ടികൾ താഴേക്ക് വീണു അപകടം സംഭവിക്കുന്നത്. കുട്ടികൾ അബദ്ധത്തിൽ വീഴുന്നത് തടയാൻ ജനലുകളിൽ അഴികളോ വിൻഡോ ബമ്പറുകളോ സ്ഥാപിക്കണമെന്ന് പോലീസ് നിർദ്ദേശമുണ്ട് . ഫർണിച്ചറോ കളിപ്പാട്ടങ്ങളോ ജനലിന് സമീപത്ത് നിന്ന് മാറ്റിവെക്കാനും പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം, ഷാർജയിൽ രണ്ടിടങ്ങളിലായി പത്തും എട്ടും വയസ്സുള്ള രണ്ടു കുട്ടികളാണ് ബഹുനില കെട്ടിടത്തിൽ നിന്നും വീണ് മരിച്ചത്.
Post Your Comments