ചണ്ഡിഗഢ്: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള താര പ്രചാരക പട്ടികയിൽ നിന്ന് ഗുലാം നബി ആസാദിനെയും മനീഷ് തിവാരിയെയും ഒഴിവാക്കി കോൺഗ്രസ്. പ്രതിപക്ഷ നേതാവും ലോക്സഭ എം.പിയുമാണ് ഗുലാം നബി ആസാദ്. മനീഷ് തിവാരി പ്രമുഖ ഹിന്ദു സമുദായ നേതാവാണ്. വെള്ളിയാഴ്ചയാണ് 30 അംഗ താരപ്രചാരകരുടെ പട്ടിക
കോൺഗ്രസ് പുറത്തു വിട്ടത്.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, ജനറൽ
സെക്രട്ടറി പ്രിയങ്ക, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി, നവജ്യോത് സിങ് സിദ്ദു എന്നിവരാണ് പട്ടികയിലുള്ളത്. എന്നാൽ, ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണ പട്ടികയിൽ ആസാദിന്റെ പേരുണ്ടായിരുന്നു. പാർട്ടി കുടുംബാധിപത്യത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയ ജി23 നേതാക്കളിൽ പ്രമുഖ നേതാവാണ് ഗുലാം നബി ആസാദ്.
അതേസമയം, സംസ്ഥാനത്ത് പ്രചാരണരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന നേതാവാണ് മനീഷ് തിവാരി. അദ്ദേഹത്തെ പാർട്ടിയിൽ നിന്നും ഒഴിവാക്കിയത് പ്രവർത്തകരെ ഞെട്ടിച്ചിട്ടുണ്ട്. പഞ്ചാബിലെ വോട്ടർമാരിൽ ഏകദേശം 40 ശതമാനവും ഹിന്ദു സമുദായത്തിൽ നിന്നുള്ളവരാണ്. ഇവർക്കിടയിൽ വളരെയധികം സ്വാധീനമുള്ള വ്യക്തിയാണ് മനീഷ് തിവാരി. കോൺഗ്രസിന്റെ ഈ തീരുമാനം പാർട്ടിയ്ക്കു തന്നെ തിരിച്ചടിയുണ്ടാകാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
Post Your Comments