ന്യൂഡൽഹി: ഉത്തർപ്രദേശ് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയ്ക്ക് ‘ഇസഡ് കാറ്റഗറി സുരക്ഷ’ നൽകി കേന്ദ്രസർക്കാർ. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ വെടിവെയ്പ്പുണ്ടായതിനെ തുടർന്നാണ് സുരക്ഷ ഏർപ്പെടുത്തിയത്. ഉവൈസിക്ക് നേരെ വധഭീഷണിയും ഉയർന്നു വന്നിരുന്നു.
ഉത്തർപ്രദേശിലെ ഛജാർസി ടോൾ പ്ലാസക്ക് സമീപത്തു വച്ചാണ് വെടിവെപ്പുണ്ടായത്. വാഹനത്തിന്റെ ഇരുവശങ്ങളിലും വെടിയേറ്റിട്ടുണ്ട്. ആക്രമണത്തിനു ശേഷം സംഘം ആയുധം ഉപേക്ഷിച്ച് ഓടി പോവുകയായിരുന്നു. അക്രമികളിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തുവെന്ന് പോലീസ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി, യു.പിയിലെത്തിയ ഉവൈസി മീററ്റിൽ നിന്നും ഡൽഹിയിലേക്ക് മടങ്ങുന്നതിനിടയിലാണ് വെടിവെപ്പുണ്ടായത്. വാഹനത്തിന്റെ നേരെ മൂന്നോ നാലോ റൗണ്ട് വെടിവെച്ചുവെന്നും വാഹനത്തിന്റെ ടയർ പഞ്ചറായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട്, മറ്റൊരു വാഹനത്തിലാണ് ഉവൈസി ഡൽഹിയിലേക്ക് മടങ്ങിയത്.
Post Your Comments