Latest NewsInternational

ചിന്നിച്ചിതറിയ ഐഎസ് തലവൻ ലൈംഗിക അടിമകളാക്കി ചെറിയ പെൺകുട്ടികളെ വിറ്റ കൊടും ഭീകരൻ

അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറൈഷിയെന്ന പുതിയ ഐഎസ് തലവന്റെ വിധിയും മറ്റൊന്നായിരുന്നില്ല. അയാളുടെ ശരീരം സ്ഫോടനത്തിൽ ചിതറിത്തെറിക്കുകയായിരുന്നു.

ന്യൂയോർക്: ‘ഇരച്ചെത്തിയ യുഎസ് സൈന്യത്തെ കണ്ട് അയാൾ ഭയന്നു വിറച്ച് ഓടുകയായിരുന്നു…’ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) തലവൻ അബൂബക്കർ അൽ ബഗ്ദാദിയെ 2019 ഒക്ടോബറിൽ കൊലപ്പെടുത്തിയ വിവരം പുറത്തുവിട്ട് അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞ വാക്കുകളാണിത്. ബഗ്ദാദിയുടെ മരണത്തോടെ ഐഎസ് അസ്തമിക്കില്ലെന്ന് യുഎസിന് അന്നേ തന്നെ വ്യക്തമായിരുന്നു. ബഗ്ദാദി പോയാൽ പുതിയ നേതൃത്വം എവിടെയെങ്കിലും വൈകാതെ തലപൊക്കുമെന്നും അവർ വിശ്വസിച്ചു.

ഐഎസ് തിരിച്ചെത്തിയാൽ വേട്ടയാടി ഇല്ലാതാക്കുമെന്നും അന്ന് യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കിയതാണ്. അതു വെറുംവാക്കല്ലെന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡന്റെ, ഫെബ്രുവരി 3 രാത്രിയിലെ പ്രസ്താവന വ്യക്തമാക്കുന്നു. അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറൈഷിയെന്ന പുതിയ ഐഎസ് തലവന്റെ വിധിയും മറ്റൊന്നായിരുന്നില്ല. അയാളുടെ ശരീരം സ്ഫോടനത്തിൽ ചിതറിത്തെറിക്കുകയായിരുന്നു. ബഗ്ദാദിക്കൊപ്പം കുടുംബമായിരുന്നു ഉണ്ടായിരുന്നത്. അബു ഇബ്രാഹിമെന്ന ഭീകരനൊപ്പം ചിതറിത്തെറിച്ചതും കുടുംബാംഗങ്ങളും കൂട്ടാളികളുമായിരുന്നു.

സൈന്യം തൊട്ടടുത്തെത്തിയെന്നുറപ്പായതോടെ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു ഇയാൾ. സ്ഫോടനത്തിന്റെ ശക്തിയിൽ തൊട്ടടുത്ത കെട്ടിടങ്ങളിലേക്കു വരെ മൃതദേഹാവശിഷ്ടങ്ങൾ ചിതറിത്തെറിച്ചു. അബു ഇബ്രാഹിമിനൊപ്പം കെട്ടിടത്തിനകത്തുണ്ടായിരുന്ന മറ്റു ഭീകരരുടെ മൃതദേഹങ്ങളും സ്ഫോടന ശക്തിയിൽ ചിതറി. രണ്ടര വർഷത്തിനിടെ രണ്ടു കുപ്രസിദ്ധ തലവന്മാരെയാണ് ലോകത്തെ വിറപ്പിച്ച ഭീകരസംഘടനയ്ക്കു നഷ്ടമാകുന്നത്. രണ്ടിനു പിന്നിലും യുഎസ് സൈന്യമായിരുന്നു. 2019ൽ ബഗ്ദാദിയുടെ മരണത്തോടെ ഐഎസിന് സ്വന്തം ‘സാമ്രാജ്യം’ പൂർണമായിത്തന്നെ നഷ്ടമായി.

പിന്നീട് നിഴൽ മറവിലായിരുന്നു വിലാസം നഷ്ടപ്പെട്ട ഈ ഭീകരസംഘടനയുടെ പോരാട്ടം. ഇക്കഴിഞ്ഞ ജനുവരി 20ന് സിറിയയിലും ഇറാഖിലുമായി നടത്തിയ ആക്രമണങ്ങളിലൂടെ തിരിച്ചുവരവിന്റെ സൂചനകൾ നൽകിയിരുന്നെങ്കിലും എല്ലാം മറന്നു തിരിച്ചു പോയിട്ടില്ലെന്ന സൂചനയാണ് യുഎസും അബു ഇബ്രാഹിമിന്റെ മരണത്തിലൂടെ ലോകത്തിനും ഭീകരർക്കും നൽകുന്നത്.നാൽപത്തിയഞ്ചുകാരനായ അബു ഇബ്രാഹിം ഭീകരതയ്ക്കൊപ്പം ചേരുന്നതു സ്വന്തം രാജ്യത്തുനിന്നു തന്നെയായിരുന്നു. ബഗ്ദാദിക്കു ശേഷം അബു ഇബ്രാഹിമാണ് ഐഎസിന്റെ തലപ്പത്തേക്ക് എത്തിയതെന്ന സൂചന യുഎസിനു നേരത്തേ ലഭിച്ചിരുന്നു.

പ്രാദേശികമായ രഹസ്യ ‘സെല്ലു’കളിലൂടെയായിരുന്നു ഐഎസിനെ അബു ഏകോപിപ്പിച്ചിരുന്നത്. ഖൊറസാൻ ഗ്രൂപ്പുകളെന്നായിരുന്നു ഈ ചെറു സെല്ലുകൾ അറിയപ്പെട്ടിരുന്നത്. സൈനിക തന്ത്രങ്ങൾ ഇയാളെ ആരും പഠിപ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. കാരണം സദ്ദാം ഹുസൈന്റെ കാലത്ത് ഇറാഖി സൈന്യത്തിലെ അംഗമായിരുന്നു അബു ഇബ്രാഹിം. കടുത്ത സദ്ദാം അനുയായിയും. മാത്രവുമല്ല, മതപ്രഘോഷണങ്ങളിലൂടെയും പ്രശസ്തനായിരുന്നു ഇയാൾ.2014ൽ വടക്കൻ ഇറാഖിൽ യസീദികളെ കൂട്ടക്കൊല ചെയ്ത സംഭവത്തെ മുന്നിൽ നിന്നു നയിച്ചത് ഇയാളാണ്. യസീദി പെൺകുട്ടികളെ ലൈംഗിക അടിമകളാക്കി വിറ്റ ബുദ്ധിക്കു പിന്നിലും മറ്റാരുമല്ല.

ആഫ്രിക്കയിലെയും അഫ്ഗാനിസ്ഥാനിലെയും ഉൾപ്പെടെ ഐഎസ് നെറ്റ്‌വർക്കുകളെ ഏകോപിപ്പിക്കുകയെന്ന ചുമതലയും ഇയാൾ നിലവിൽ നിര്‍വഹിച്ചിരുന്നു. അബു ഇബ്രാഹിമും ഭാര്യമാരും മൂന്നു കുട്ടികളും കൊല്ലപ്പെട്ടത് അയാൾ ചാവേറായി പൊട്ടിത്തെറിച്ചപ്പോഴാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിൽ സാധാരണക്കാർ ആയിരുന്നു. ഇവർക്ക് ഇയാൾ കൊടും ഭീകരനാണെന്നു അറിയുകയുമില്ലായിരുന്നു. യുഎസ് സൈന്യം സാധാരണക്കാരെ രക്ഷപെടാൻ അനുവദിച്ച ശേഷമാണു ഇയാൾക്ക് നേരെ ആക്രമണം നടത്തിയത്. രക്ഷപെടാൻ സാധ്യമല്ലെന്ന തിരിച്ചറിവിനൊടുവിലാണ് ഇയാൾ സ്വയം പൊട്ടിത്തെറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button