ന്യൂയോർക്ക്∙ യൂറോപ്പിലേക്ക് കൂടുതൽ സൈന്യത്തെ അയയ്ക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പോളണ്ട്, ജർമനി എന്നിവിടങ്ങളിലേക്കായിരിക്കും രണ്ടായിരം സൈനികരെക്കൂടി ബൈഡൻ അയയ്ക്കുക. മാത്രമല്ല, ജർമനിയിലുള്ള ആയിരം സൈനികരെ റൊമേനിയയിലേക്കും അയയ്ക്കും.
ഇതിനെല്ലാം പുറമെ, ഏതു നിമിഷവും യൂറോപ്പിലേക്ക് അയയ്ക്കാൻ 8,500 സൈനികരെയാണ് അമേരിക്ക സജ്ജരാക്കി നിർത്തിയിരിക്കുന്നത്. നാറ്റോ സഖ്യത്തെ ബാധിക്കുന്ന ഏതു കാര്യവും അമേരിക്കയേയും ബാധിക്കുന്നതാണെന്നും റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകുന്നതിനാണ് കൂടുതൽ സൈന്യത്തെ അയക്കുന്നതെന്നും പെന്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു.
യു.എസ്, സൈനികരെ വിന്യസിച്ചിരിക്കുന്നത് ഏറ്റുമുട്ടൽ ഉണ്ടാക്കുന്നതിനല്ലെന്നും, മറിച്ച് സഖ്യകക്ഷികൾക്ക് സുരക്ഷയുറപ്പാക്കുന്നതിന് വേണ്ടിയാണെന്നും പെന്റഗൺ അറിയിച്ചിട്ടുണ്ട്. ലാത്വിയ, എസ്റ്റോണിയ, ലിത്വാനിയ എന്നീ രാജ്യങ്ങളിലും സൈന്യത്തെ വിന്യസിക്കാൻ അമേരിക്ക പദ്ധതിയിടുന്നുണ്ട്.
അതേസമയം, ഈ നീക്കത്തെ വിനാശകരമായ തീരുമാനമെന്നാണ് റഷ്യ വിശേഷിപ്പിച്ചത്. റഷ്യ ഒരു ലക്ഷത്തോളം സൈനികരെയാണ് ഉക്രൈൻ അതിർത്തിയിൽ വിന്യസിച്ചിട്ടുള്ളത്. എന്നാൽ, ഉക്രൈനിൽ അധിനിവേശം നടത്താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് ആവർത്തിക്കുന്ന റഷ്യ, സമാധാനം നിലനിർത്താൻ ഉക്രൈൻ ശ്രമിക്കുന്നില്ലെന്ന് ആരോപിക്കുന്നുമുണ്ട്.
Post Your Comments