Latest NewsKeralaNewsIndia

‘കേരള ധനമന്ത്രി പറയുന്നത് വെറും രാഷ്ട്രീയം’: ബജറ്റിൽ നിഷ്പക്ഷ വിലയിരുത്തലുമായി ശ്രീജിത്ത് പണിക്കർ

ഏത് ബജറ്റിനും ഗുണവും ദോഷവും കാണുമെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. അനുകൂലിക്കുന്നവർ ഗുണങ്ങളും എതിർക്കുന്നവർ ദോഷങ്ങളും പറയുമെന്നിരിക്കെ രണ്ട് ഭാഗവും ചൂണ്ടിക്കാണിക്കുകയാണ് ശ്രീജിത്ത്. സഹകരണമേഖലയെയും കാർഷിക മേഖലയെയും ബജറ്റ് പരിഗണിച്ചില്ലെന്ന് സംസ്ഥാന ധനമന്ത്രി പറയുന്നതൊക്കെ രാഷ്ട്രീയം മാത്രമാണെന്നും എല്ലാ മേഖലകളെയും ബജറ്റ് സംബോധന ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

വിദൂരഭാവിയിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമാക്കുന്നതാണ് ഈ ബജറ്റ്. ഡിജിറ്റൽ കറൻസി, ഇ പാസ്പോർട്ട്, 5ജി, ഗതിശക്തി, വന്ദേഭാരത്, റോഡ് വികസനം, ഡിജിറ്റൽ സർവകലാശാല, നദീസംയോജനം, തപാൽ വിപുലീകരണം എന്നിവയെല്ലാം വിദൂരഭാവിയിലെ അടിസ്ഥാന വികസന സൗകര്യങ്ങളാണ്. സഹകരണ മേഖലയിലെ ചുരുങ്ങിയ നികുതി 3 ശതമാനവും സർചാർജ് 5 ശതമാനവും കുറച്ചിട്ടുണ്ട്. കർഷകരുടെ വലിയ ആവശ്യം ആയ താങ്ങുവിലയ്ക്കും പണം വകയിരുത്തിയിട്ടുണ്ട് എന്ന് ശ്രീജിത്ത് പണിക്കർ ചൂണ്ടിക്കാട്ടുന്നു.

Also Read:പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് 80 ലക്ഷം വീടുകളുടെ നിര്‍മാണത്തിന് 48,000 കോടി രൂപ

അതേസമയം, ബജറ്റിന്റെ പോരായ്മ അത് സമീപഭാവിയെ കാര്യമായി പരിഗണിച്ചില്ല എന്നതാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. നിലവിലെ പ്രശ്നം കോവിഡും അതുമൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയുമാണ്. തൊഴിലില്ലായ്മയും ഇക്കൂട്ടത്തിൽ വരും. 5 വർഷം കഴിഞ്ഞ് ഉണ്ടാകുന്ന തൊഴിൽ അവസരങ്ങളെക്കാൾ അടുത്ത വർഷം ഉണ്ടാകുന്ന അവസരങ്ങൾ ആണ് പ്രധാനം. ഇപ്പോഴത്തെ സാഹചര്യത്തിൽ തൊഴിലുറപ്പിൽ കൂടുതൽ പ്രാധാന്യം നൽകിയില്ല എന്നാണു അദ്ദേഹം പറയുന്നത്.

കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക ബാധ്യതയിൽ നിന്ന് ജനങ്ങൾക്ക് എന്ത് ആശ്വാസം നൽകാം എന്നതും പരിഗണിച്ചില്ല. ചുരുക്കത്തിൽ എല്ലാ ബജറ്റുകളെയും പോലെ ഗുണങ്ങളും ദോഷങ്ങളും നിറഞ്ഞ ബജറ്റ് തന്നെ. വിദൂരകാല അടിസ്ഥാനസൗകര്യ വികസനത്തിൽ വളരെ മികച്ചത്. എന്നാൽ സമീപകാല വെല്ലുവിളികളെ നേരിടാൻ ഇനിയും കൂടുതൽ ചെയ്യാമായിരുന്നു എന്ന് തോന്നിപ്പിക്കുന്ന ബജറ്റ് ആയിരുന്നു ഇത്തവണത്തേത് എന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഏത് ബജറ്റിനും ഗുണവും ദോഷവും കാണും. അനുകൂലിക്കുന്നവർ ഗുണങ്ങളും എതിർക്കുന്നവർ ദോഷങ്ങളും പറയും. ഞാൻ രണ്ടും ചുരുക്കി പറയാം. ഏതൊരു ബജറ്റും ലക്ഷ്യമാക്കേണ്ട ചില കാര്യങ്ങളുണ്ട്. എല്ലാ മേഖലകളെയും എല്ലാ വിഭാഗം ജനങ്ങളെയും സമീപഭാവിയിലും വിദൂരഭാവിയിലും അത് അഡ്രസ് ചെയ്യേണ്ടതുണ്ട്. വിദൂരഭാവിയിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമാക്കുന്നതാണ് ഈ ബജറ്റ്. ഡിജിറ്റൽ കറൻസി, ഇ പാസ്പോർട്ട്, 5ജി, ഗതിശക്തി, വന്ദേഭാരത്, റോഡ് വികസനം, ഡിജിറ്റൽ സർവകലാശാല, നദീസംയോജനം, തപാൽ വിപുലീകരണം എന്നിവയെല്ലാം വിദൂരഭാവിയിലെ അടിസ്ഥാന വികസന സൗകര്യങ്ങളാണ്. ഇവയുടെ നേട്ടം പൂർണ്ണമായും സാക്ഷാത്ക്കരിക്കാൻ സമയം എടുക്കും എന്നർത്ഥം.

എല്ലാ മേഖലകളെയും ബജറ്റ് സംബോധന ചെയ്യുന്നുണ്ട്. സഹകരണമേഖലയെയും കാർഷിക മേഖലയെയും ബജറ്റ് പരിഗണിച്ചില്ലെന്ന് സംസ്ഥാന ധനമന്ത്രി പറയുന്നതൊക്കെ രാഷ്ട്രീയം മാത്രമാണ്. സഹകരണ മേഖലയിലെ ചുരുങ്ങിയ നികുതി 3 ശതമാനവും സർചാർജ് 5 ശതമാനവും കുറച്ചിട്ടുണ്ട്. കർഷകരുടെ വലിയ ആവശ്യം ആയ താങ്ങുവിലയ്ക്കും പണം വകയിരുത്തിയിട്ടുണ്ട്. എയിംസ് കിട്ടിയില്ലെന്ന പതിവ് വിലാപം ഇക്കുറിയും ഉണ്ട്. ആരോഗ്യമേഖലയിൽ എയിംസ് ഇല്ലാതെ തന്നെ നമ്പർ വൺ ആയ നമുക്ക് തരുന്നതിനേക്കാൾ നല്ലത് അതിനെ മറ്റു സംസ്ഥാനങ്ങൾക്ക് കൊടുക്കുന്നതല്ലേ?

ബജറ്റിന്റെ പോരായ്മ അത് സമീപഭാവിയെ കാര്യമായി പരിഗണിച്ചില്ല എന്നതിലാണ്. നമ്മുടെ നിലവിലെ പ്രശ്നം കോവിഡ് ആണ്. അതുമൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ്. തൊഴിലില്ലായ്മയാണ്. 5 വർഷം കഴിഞ്ഞ് ഉണ്ടാകുന്ന തൊഴിൽ അവസരങ്ങളെക്കാൾ അടുത്ത വർഷം ഉണ്ടാകുന്ന അവസരങ്ങൾ ആണ് പ്രധാനം. അതെത്ര ഉണ്ടാകും, ഏതൊക്കെ മേഖലകളിൽ എന്നത് കൃത്യമായി അഡ്രസ് ചെയ്യപ്പെടേണ്ടിയിരുന്നു. ആൾക്കാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ സാധ്യതയുള്ള മേഖലകളിൽ, എംഎസ്എംഇ മേഖലയിൽ ഒക്കെ കൂടുതൽ കരുതൽ ആകാമായിരുന്നു. ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തിൽ തൊഴിലുറപ്പിനായി ഇനിയും കൂടുതൽ തുക നൽകാമായിരുന്നു. ഒപ്പം കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക ബാധ്യതയിൽ നിന്ന് ജനങ്ങൾക്ക് എന്ത് ആശ്വാസം നൽകാം എന്നതും പരിഗണിക്കണമായിരുന്നു. വായ്പകളുടെ തിരിച്ചടവ് മാത്രം അതീവ ഗുരുതരമായി ബാധിക്കുന്ന കുടുംബങ്ങൾ ഉണ്ട്. മുൻപ് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കൊണ്ട് മാത്രം പരിഹരിക്കാവുന്ന ആഘാതമല്ല കോവിഡ് ഉണ്ടാക്കിയത്. ഇന്ത്യയിൽ പലയിടങ്ങളിലും പല രൂപങ്ങളിൽ കോവിഡ് ഭീതിയും നിയന്ത്രണങ്ങളും തുടരുന്നു എന്നതാണ് വാസ്തവം.

ആൾക്കാരുടെ കയ്യിൽ പണം നൽകാൻ കൂടുതൽ കാര്യക്ഷമമായ ഡിബിറ്റി, ഇളവുകൾ, ആദായനികുതി സ്ലാബുകൾ, പോളിസി പരിഷ്കരണം എന്നിവ അനിവാര്യം ആയിരുന്നു. ആദായനികുതി ദായകരെ കറവപ്പശുക്കളെ പോലെ കാണുന്ന സമീപനം ഇനിയും അവസാനിക്കുന്നില്ല. ശരാശരി അടിസ്ഥാന ശമ്പളം തീരെ കുറവായിരുന്ന കാലത്തെ നികുതി ഇളവുകൾ ആണ് ഇപ്പോഴും നൽകുന്നത്. ഭവനവായ്പയുടെ തിരിച്ചടവിന്റെ ഒരു ഭാഗവും, കുട്ടികളുടെ പഠനഫീസും, ഇൻഷുറൻസും ഒക്കെ ഒരേ ഗണത്തിൽ ഒറ്റ ഇളവിനായി പരിഗണിക്കുന്ന പഴഞ്ചൻ സംവിധാനം ഇന്നും തുടരുന്നു. ഇതിനെയൊക്കെ വെവ്വേറെ ആക്കി പരിധിയിൽ മാറ്റം വരുത്തിയാൽ അധികം പണം ആൾക്കാരുടെ കയ്യിലെത്തും എന്നുതന്നെയല്ല അത് പുനർനിക്ഷേപം നടത്തി ആരോഗ്യവും കുടുംബവും സംരക്ഷിക്കാൻ ആൾക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇൻഷുറൻസ് മേഖലയിൽ വലിയ വളർച്ചയും ഉയർന്ന വിദേശനിക്ഷേപവും ഉണ്ടാകാനും അത് കാരണമായേനേ. ചുരുക്കത്തിൽ എല്ലാ ബജറ്റുകളെയും പോലെ ഗുണങ്ങളും ദോഷങ്ങളും നിറഞ്ഞ ബജറ്റ് തന്നെ. വിദൂരകാല അടിസ്ഥാനസൗകര്യ വികസനത്തിൽ വളരെ മികച്ചത്. എന്നാൽ സമീപകാല വെല്ലുവിളികളെ നേരിടാൻ ഇനിയും കൂടുതൽ ചെയ്യാമായിരുന്നു എന്ന് തോന്നിപ്പിക്കുന്ന ബജറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button