വാർസോ: ഉക്രൈന് വ്യോമപ്രതിരോധ സംവിധാനങ്ങളും ഡ്രോണുകളും നൽകുമെന്ന് പോളണ്ട്. പോളിഷ് പ്രധാനമന്ത്രി മാറ്റ്യൂസ് മൊറാവിക്കിയാണ് ഇക്കാര്യം വിശദമാക്കി രംഗത്ത് വന്നിരിക്കുന്നത്. ചൊവ്വാഴ്ച ഉക്രൈനിലേക്ക് യാത്ര തിരിക്കുന്നതിനു മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉക്രൈന് ഇനി വാക്കാൽ നൽകുന്ന പിന്തുണ മതിയാകില്ലെന്നും അതിനാൽ രാജ്യത്തിന് സൈനിക സഹായം കൈമാറാൻ പോളണ്ട് തയ്യാറാണെന്നുമാണ് മാറ്റ്യൂസ് മൊറാവിക്കി പറഞ്ഞത്. പ്രതിരോധ സംവിധാനങ്ങൾ കൈമാറുന്നതിനെക്കുറിച്ച് പ്രസിഡന്റ് ആൻഡ്രേജ് ഡൂഡയുമായി സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി, പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാൽ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തുമ്പോൾ ഏത് തരത്തിലുള്ള ആയുധങ്ങളാണ് റഷ്യയെ പ്രതിരോധിക്കാൻ ഉക്രൈന് ആവശ്യമെന്ന് വ്യക്തമാകുമെന്നും മാറ്റ്യൂസ് മൊറാവിക്കി കൂട്ടിച്ചേർത്തു.
ഉക്രൈന് നേരിട്ട് പിന്തുണ പ്രഖ്യാപിക്കാൻ ഇന്ന് പോളിഷ് പ്രധാനമന്ത്രി ഉക്രൈനിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയായതിന് ശേഷം ഇത് ആദ്യമായാണ് മാറ്റ്യൂസ് മൊറാവിക്കി ഉക്രൈൻ സന്ദർശിക്കുന്നത്.
Post Your Comments