ന്യൂയോർക്ക്: അമേരിക്കയിൽ ഹിമക്കാറ്റ് ആഞ്ഞുവീശുന്ന സാഹചര്യത്തിൽ ജനജീവിതം ദുസ്സഹമായി. കിഴക്കൻ അമേരിക്കയിൽ ശനിയാഴ്ച അനുഭവപ്പെട്ടത് കഴിഞ്ഞ ഏതാനും വർഷങ്ങളിലെ ഏറ്റവും ശക്തമായ ശൈത്യ കൊടുങ്കാറ്റാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അപകടകരമായ സാഹചര്യമായതിനാൽ അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളിലും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ന്യൂയോർക്ക്, ന്യൂ ജേഴ്‌സി, മേരിലാൻഡ്, വിർജീനിയ, റോട്ട് ഐലൻഡ് എന്നിവിടങ്ങളിലാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. അമേരിക്കയിൽ ഇപ്പോൾ മഞ്ഞുവീഴ്ചയുണ്ടാകുന്നത് രണ്ടടിയോളം ഉയരത്തിലാണ്. ന്യൂയോർക്ക്, ബോസ്റ്റൺ തുടങ്ങിയ പ്രധാന നഗരങ്ങളിൽ മഞ്ഞുവീഴ്ചയുടെ ആഘാതം വളരെ ശക്തമാണെന്നാണ് ലഭ്യമായ വിവരങ്ങൾ.
ഏകദേശം 70 ദശലക്ഷം ആളുകൾ താമസിക്കുന്ന പ്രദേശത്താണ് ഹിമക്കാറ്റ് ആഞ്ഞു വീശുന്നത്. ഇതേ തുടർന്ന്, പ്രദേശത്തെ ഗതാഗത സംവിധാനവും വൈദ്യുത വിതരണവും പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. അതിശൈത്യം മൂലം കഴിഞ്ഞ ദിവസം അമേരിക്കയിലേക്കും പുറത്തേക്കുമുള്ള 3,500-ലധികം വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. ഇന്ന് ആയിരത്തിലധികം സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
Post Your Comments