‘ലോകത്തിലെ ഏറ്റവും വലിയ ബീജ ദാതാവ്’ താനാണെന്ന് അവകാശപ്പെട്ട് യുകെ സ്വദേശി രംഗത്ത്. അറുപതുകാരനായ ക്ലൈവ് ജോൺസ് ആണ് പുതിയ അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. ഏകദേശം 10 വർഷത്തോളമായി താൻ ഈ ‘സേവന പ്രവർത്തനം’ തുടങ്ങിയിട്ടെന്ന് ഇയാൾ പറയുന്നു. 129 ദമ്പതികൾക്ക് താൻ മൂലം അവരുടെ ജീവിതത്തിലേക്ക് സന്തോഷം കൊണ്ടുവരാൻ കഴിഞ്ഞുവെന്നാണ് ഇയാൾ പറയുന്നത്.
യുകെയിലെ ഡെർബിയിലെ ചാഡ്‌സ്‌ഡനിൽ താമസിക്കുന്ന ക്ലൈവ് ഒരു അധ്യാപകനായിരുന്നു. ഫേസ്ബുക്കിലെ പരസ്യങ്ങൾ കണ്ട് ആണ് ബീജം ദാനം നടത്തി വന്നതെന്നാണ് ഇയാൾ പറയുന്നത്. ഒൻപത് കുട്ടികൾ കൂടി ഉടൻ ജനിക്കുമെന്ന് ഇയാൾ പറയുന്നു. ബീജം ദാനം ചെയ്യുന്നുണ്ടെങ്കിലും ഇതിനെ ഒരു ‘സേവന പ്രവൃത്തി’ ആയിട്ടാണ് ഇയാൾ കാണുന്നത്. കുട്ടികളില്ലാത്ത കുടുംബങ്ങളുടെ സന്തോഷം കാണാനാണ് താൻ ഇങ്ങനെ ഒരു കാര്യം ചെയ്യാൻ തീരുമാനമെടുത്തതെന്നാണ് ക്ലൈവ് പറയുന്നത്.
Also Read:ഇനി പണം വരും: ഇൻസ്റ്റാഗ്രാമിലെ ഫ്രീകണ്ടന്റ് കാലം അവസാനിക്കുന്നു
‘ഒരുപക്ഷെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ബീജ ദാതാവ് ഞാനായിരിക്കും. 129 കുട്ടികൾ ആണ് എന്നിലൂടെ ജനിച്ചത്. 9 പേർ വരും മാസങ്ങളിൽ പിറക്കും. അധികം കാലം ഒന്നും ഞാൻ ഇനി ഈ സേവനം തുടരാന് സാധ്യതയില്ല. 150 കുട്ടികളെ ജനിപ്പിക്കുക എന്നതാണ് ലക്ഷ്യം’, ക്ലൈവ് അടുത്തിടെ ഒരു മാധ്യമത്തോട് വെളിപ്പെടുത്തി.
ബീജബാങ്കുകളിൽ ദാതാക്കളുടെ ഉയർന്ന പ്രായപരിധി 45 ആയതിനാൽ ക്ലൈവിന് ഔദ്യോഗിക ബീജദാതാവാകാൻ കഴിയില്ല. അതിനാൽ ആണ് ഇയാൾ ഫേസ്ബുക്കിലൂടെ കുടുംബങ്ങളുമായി ബന്ധപ്പെടുകയും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യുന്നത്. ചുരുക്കി പറഞ്ഞാൽ ‘സേവനം’ അനധികൃതമാണ് എന്ന് തന്നെ. ഇയാളുടെ വെളിപ്പെടുത്തൽ വിവാദമായതോടെ ഉദ്യോഗസ്ഥർ/ആരോഗ്യ വിദഗ്ധർ എന്നിവർ മുന്നറിയിപ്പുമായി രംഗത്തെത്തി. ലൈസൻസുള്ള യുകെയിലെ ക്ലിനിക്കുകൾ വഴി മാത്രമേ ഇത് ചെയ്യാവൂ എന്ന് പറഞ്ഞ് ഹ്യൂമൻ ഫെർട്ടിലൈസേഷൻ ആൻഡ് എംബ്രിയോളജി അതോറിറ്റി, ജോൺസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു മെഡിക്കൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Post Your Comments