ഓച്ചിറ: മുസ്‌ലിമായതിന്റെ പേരില്‍ പൊലീസ് അനാവശ്യമായി തടഞ്ഞുവെച്ചെന്ന യുവാവിന്റെ ആരോപണത്തില്‍ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍. കൊവിഡ് സാഹചര്യത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയ ഞായറാഴ്ച ദിവസം തന്നെ യാത്രക്കായി തെരഞ്ഞെടുത്തതിനെ ചോദ്യം ചെയ്തുകൊണ്ടാണ് അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഏത് യൂണിഫോം സര്‍വീസിലും വലത് രാഷ്ട്രീയത്തിന്റെ ഫ്യൂഡലഭ്യാസങ്ങളും പ്രയോഗങ്ങളും സ്വാഭാവികമാണ് എന്നതുകൊണ്ടാണ് ഓച്ചിറയിലെ ന്യൂനപക്ഷ സ്വത്വവസ്ത്ര രാഷ്ട്രീയാരോപണ വീഡിയോ ആവര്‍ത്തിച്ച് കണ്ടത്.
ചോദ്യം ഇതാണ്. ഈ യാത്ര അവശ്യയാത്രയായിരുന്നോ? ഇന്നലെ പോകാമായിരുന്ന, നാളത്തേക്ക് മാറ്റിവെക്കാമായിരുന്ന (എം.എസ്.എം കോളേജിലെ (അടച്ചിട്ടില്ല) വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ നിന്ന് കൂട്ടിക്കൊണ്ട് വരാന്‍ മൂന്ന് പേരടങ്ങുന്ന സംഘം പോയ യാത്ര) യാത്രയെ അവശ്യ യാത്രയായി പരിഗണിക്കാന്‍ കഴിയില്ല.
ആ പൊലീസുദ്യോഗസ്ഥന്‍ നടത്തിയത് കൃത്യമായ കൃത്യനിര്‍വഹണമാണ് എന്നാണ് മനസ്സിലാക്കുന്നത്. ഇന്നൊഴിവാക്കാന്‍ കഴിയാവുന്ന യാത്രയ്ക്ക് നിയന്ത്രണമുള്ള ഇന്ന് തന്നെ തെരഞ്ഞെടുത്തത് ഒരു പക്ഷെ വേണ്ടത്ര ധാരണയില്ലാത്തതിനാലാവാം. പക്ഷെ ചട്ടം ലഘിച്ച യാത്രക്കാരി നടത്തിയ സ്വത്വവാദപ്രതിരോധം അനവസരത്തിലെ വാള്‍ വീശലായി.
കുറ്റകൃത്യത്തിന് ഡിഫന്‍സായി സ്വത്വ വസ്ത്രമുപയോഗിച്ച ദൃശ്യങ്ങള്‍ ശബരിമലക്കാലത്തും നമ്മള്‍ കണ്ടതാണ്. ഏത് വസ്ത്രമിട്ട് നാടിന്റെ ചട്ടം ലംഘിച്ചാലും അത് ലംഘനമാണ് എന്ന് പറയലാണ് മതേതരത്വം. ഈ തോക്ക് വെച്ച് പുല്‍ച്ചാടിയെ വെടിവെച്ച് കളിക്കരുത്. അത് ഉപയോഗിക്കേണ്ടത് എവിടാണെന്ന് പഠിക്കാതെ പോയത് എന്തുകൊണ്ടായിരിക്കും.
Post Your Comments