തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ടാബ്ലോ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു.
കാലികപ്രസക്തവും വളരെയധികം സാമൂഹിക പ്രാധാന്യവുമുള്ള പ്രമേയമാണ് കേരളത്തിന്റെ ടാബ്ലോ അവതരിപ്പിക്കുന്നതെന്നും ഇതിന് അനുമതി നിഷേധിച്ചത് ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
‘കേരളം മാത്രമല്ല, രാജ്യം തന്നെ കണ്ട മഹാനായ സാമൂഹ്യ പരിഷ്‌കര്‍ത്താവും തത്വചിന്തകനുമാണ് ശ്രീനാരായണ ഗുരു. അദ്ദേഹത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ടാബ്ലോ അനുവദിക്കാതിരുന്നത് ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്.മനുഷ്യര്‍ക്കിടയില്‍ വിഭജനങ്ങള്‍ക്ക് കാരണമായ ജാതിചിന്തകള്‍ക്കും അനാചാരങ്ങള്‍ക്കും വര്‍ഗീയവാദങ്ങള്‍ക്കുമെതിരെ അദ്ദേഹം പകര്‍ന്ന മാനവികതയുടേയും സാഹോദര്യത്തിന്റേയും ആശയങ്ങള്‍ കൂടുതല്‍ ആളുകളില്‍ എത്താനുള്ള അവസരമാണ് ടാബ്ലോയ്ക്ക് അനുമതി നിഷേധിച്ചതിലൂടെ നഷ്ടപ്പെട്ടത്’- മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ കേരളത്തിനുള്ള പ്രതിഷേധം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. നടപടി തിരുത്തണമെന്ന് ശക്തമായി കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്‌തെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Post Your Comments