തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കാനും കയ്യേറ്റം ചെയ്യാനും സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പോലീസ് അവസരം ഒരുക്കി കൊടുക്കുകയായിരുന്നു. ആക്രമണം ചിത്രീകരിച്ച ജയ്ഹിന്ദ് ന്യൂസിലെ ജീവനക്കാരന്റെ രണ്ടര പവന്റെ മാല ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മോഷ്ടിച്ചെന്നും സുധാകരന്‍ പറഞ്ഞു.
‘സമാധാനപരമായി പ്രതിഷേധ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പ്രകോപനം സൃഷ്ടിച്ച സിപിഎം ഡിവൈഎഫ്ഐ ഗുണ്ടകളെ പോലീസ് സംരക്ഷിക്കുകയാണ്. ആക്രമണം ചിത്രീകരിച്ച ജയ്ഹിന്ദ് ചാനലിന്റെ സംഘത്തേയും സിപിഎം ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ കയ്യേറ്റം ചെയ്തു. ജയ്ഹിന്ദ് ന്യൂസിലെ കണ്ണൂരിലെ ജീവനക്കാരനായ മനേഷ് കൊറ്റാളിയുടെ രണ്ടര പവന്റെ മാലയും ഗുണ്ടകള്‍ മോഷ്ടിച്ചു. കൊള്ളസംഘം പെരുമാറുന്നത് പോലെയാണ് സിപിഎം ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടത്. ഇത് തടയാന്‍ ഉത്തരവാദിത്തപ്പെട്ട പോലീസ് ആകട്ടെ കൈയ്യുംകെട്ടി നോക്കി നില്‍ക്കുന്നു. സിപിഎമ്മിന്റെ പോഷക സംഘടനയെപ്പോലെയാണ് സംസ്ഥാനത്തെ പോലീസ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. കടമയും ഉത്തരവാദിത്തവും മറന്ന് സിപിഎം ഗുണ്ടകളുടെ അക്രമത്തിന് കൊടിപിടിക്കാനാണ് പോലീസിന്റെ തീരുമാനമെങ്കില്‍ കോണ്‍ഗ്രസ് അത് കൈയ്യും കെട്ടിനോക്കി നില്‍ക്കില്ല’- സുധാകരന്‍ പറഞ്ഞു.
Read Also : ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിൽ ഒഴിവ്: ഇപ്പോൾ അപേക്ഷിക്കാം
സംഭവത്തിൽ ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മറിച്ച് സിപിഎം എഴുതിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ കള്ളക്കേസുണ്ടാക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതികളാക്കാനാണ് ശ്രമമെങ്കില്‍ അത് തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിന് തുല്യമാണ്. കയ്യൂക്ക് കൊണ്ടും അധികാര മുഷ്ടി പ്രയോഗിച്ചും കോണ്‍ഗ്രസിന്റെ വീര്യം കെടുത്താമെന്ന് കരുതുന്നെങ്കില്‍ അത് വ്യാമോഹമാണെന്നും സുധാകരന്‍ വ്യക്തമാക്കി.
Post Your Comments