ലണ്ടൻ: ഉക്രൈൻ സൈന്യത്തിന്റെ ആയുധബലം വർദ്ധിപ്പിക്കാനുള്ള ശ്രമവുമായി യൂറോപ്യൻ രാഷ്ട്രങ്ങൾ. ഉക്രൈന് ടാങ്ക് വേധ മിസൈലുകൾ നൽകുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചു. നേരത്തെ, അമേരിക്കയും ഉക്രൈന് ആയുധങ്ങൾ നൽകിയിരുന്നു.
കവചിത വാഹനങ്ങളും ടാങ്ക് വേധ ആയുധങ്ങളും ഉക്രൈയിന് നൽകാൻ ബ്രിട്ടീഷ് പാർലമെന്റ് തീരുമാനിച്ചിരിക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറിയായ ബെൻ വാലസ് പ്രഖ്യാപിച്ചു. ഇവ റഷ്യയെ ആക്രമിക്കാനുള്ളതല്ല, മറിച്ച് ഉക്രൈന് സ്വയം പ്രതിരോധിക്കാൻ മാത്രമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഏതൊക്കെ തരം ആയുധങ്ങളാണ് ഉക്രൈനു നൽകാൻ പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
ഉക്രൈൻ അതിർത്തിയിലെ റഷ്യൻ സൈനിക വിന്യാസം യൂറോപ്പിലെ രാജ്യങ്ങളെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ഉക്രൈനിൽ അധിനിവേശം നടത്തിയാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് യു.എസ് അടക്കമുള്ള രാഷ്ട്രങ്ങൾ റഷ്യയ്ക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. എന്നാൽ, അതിർത്തിയിലെ സൈനിക വിന്യാസം പിൻവലിക്കാൻ റഷ്യ തയ്യാറായിട്ടില്ല.
Post Your Comments