ടെൽഅവീവ്: ഇറാനിയൻ ചാര ശൃംഖല തകർത്തതായി ഇസ്രായേൽ. ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് അഞ്ച് പേർക്കെതിരെ കുറ്റം ചുമത്തി ഇസ്രായേൽ സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റ്. നാല് സ്ത്രീകൾക്കും ഒരു പുരുഷനുമെതിരെയാണ് നടപടി. ഇറാനിൽ നിന്നുള്ള ജൂത കുടിയേറ്റക്കാരാണ് പ്രതികളെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ‘ഭീകര പ്രവർത്തനം’ പരാജയപ്പെടുത്തിയതിന് ഇസ്രായേലി പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ബന്ധപ്പെട്ടവരെ അഭിനന്ദിച്ചു.
ഇറാനിയൻ രഹസ്യാന്വേഷണ ഏജൻറായ റാംബോദ് നാംദാർ എന്നയാളാണ് ചാരന്മാരെ റിക്രൂട്ട് ചെയ്തതെന്നും ഇസ്രായേൽ ആരോപിക്കുന്നുണ്ട്. ജൂത മതക്കാരൻ എന്ന് അവകാശപ്പെടുന്ന അയാൾ, ഇസ്രയേൽ അതീവ രഹസ്യമായി സൂക്ഷിക്കുന്ന സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും ചിത്രങ്ങൾ പകർത്താനും രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങൾ നിരീക്ഷിക്കാനും രാഷ്ട്രീയക്കാരുമായി ബന്ധം സ്ഥാപിക്കാനുമായി സ്ത്രീകൾക്ക് ആയിരക്കണക്കിന് ഡോളർ നൽകിയെന്നും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Read Also: മെഗാ തിരുവാതിര നടത്തിയത് അശ്രദ്ധകൊണ്ട്: മന്ത്രി വി.ശിവന്‍കുട്ടി
എന്നാൽ, അയാൾ ഇറാനിന് വേണ്ടി പ്രവർത്തിക്കുന്നയാളാണെന്ന് അറിയില്ലായിരുന്നുവെന്ന് ആരോപണ വിധേയരായ സ്ത്രീകളുടെ അഭിഭാഷകൻ പറഞ്ഞു. ഇസ്രയേലിന്റെ സുരക്ഷയെ തകർക്കാൻ അവർക്ക് ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇത് ഗുരുതരമായ കേസാണെന്നും ഇസ്രായേലിനുള്ളിൽ ഇറാനിയൻ ചാര ശൃംഖല സ്ഥാപിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും സ്ത്രീകൾക്കെതിരെ കടുത്ത ആരോപണങ്ങളുണ്ടെന്നും ഷിൻ ബെറ്റ് പ്രതികരിച്ചു.
Post Your Comments