കൊച്ചി: 2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ വച്ച് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി വിധി പ്രഖ്യാപിച്ചിരിക്കുകയാണ് കോടതി. ഇതോടെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് കന്യാസ്ത്രീകള്‍ക്ക് പിന്തുണ അര്‍പ്പിച്ച് എത്തിയത്. പരിഹാസവുമായി രംഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരിയും സിനിമാ പ്രവർത്തകയുമായ അനു പാപ്പച്ചൻ
കുറിപ്പ് പൂർണ്ണ രൂപം
അപ്പോൾ,
കുറവിലങ്ങട്ടെ ജീസസ് മഠത്തിൽ ദുരുദ്ദേശ്യത്തോടെ പോയിട്ടേയില്ല.
പദവിയും അധികാരവും പ്രയോഗിച്ചിട്ടേയില്ല.
ബലാത്സംഗത്തിനു ശ്രമിച്ചിട്ടേയില്ല,
13 തവണ പീഡിപ്പിച്ചിട്ടേയില്ല,
തടഞ്ഞുവച്ചിട്ടേയില്ല.
കേസിൽ നിന്ന് പിന്മാറാൻ പണം വാഗ്ദാനം ചെയ്തിട്ടേയില്ല..
വധഭീഷണി ഉയർത്തിയിട്ടേയില്ല,
എതിർമൊഴി നല്കിയ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തിയിട്ടേയില്ല.
ലാപ്പ്ടോപ്പും ഫോണും ഉൾപ്പെടെ തെളിവുകൾ കണ്ടെത്തിയിട്ടേയില്ല.
തൊണ്ടിമുതലുകളേയില്ല…
……..
പ്രതിക്ക് മേൽ സംശയാതീതമായി കുറ്റം തെളിയിക്കുക പ്രോസിക്യൂഷൻ/സ്റ്റേറ്റിൻ്റെ ഉത്തരവാദിത്തമാണ്.അതിൽ എന്തെങ്കിലും സംശയമോ, എല്ലാ തെളിവുകളും ഹാജരാക്കിയാലും ന്യായാധിപന് അത് തൃപ്തികരമായി തോന്നിയില്ലെങ്കിലോ , കെട്ടിച്ചമച്ചതാണെങ്കിലോ ഒക്കെ പ്രതിയെ വെറുതെ വിടാം.
പക്ഷേ ഞങ്ങൾക്ക് എല്ലാം കൺമുന്നിലുണ്ട്.
കന്യാസ്ത്രീകളുടെ ധീരമായ പോരാട്ടങ്ങൾ ഓർമ്മിക്കുന്നു.
അവരുടെ നിശ്ചയദാർഢ്യത്തെ വിലമതിക്കുന്നു.
അവരനുഭവിച്ച മാനസിക / ശാരീരിക / സാമൂഹിക സംഘർഷങ്ങളെ ഹൃദയത്തിലൊപ്പുന്നു .
അവൾക്കൊപ്പം എന്ന് നിരന്തരം ഹൃദയം എഴുതുന്ന നമ്മുടെ വിരലുകൾ കോർത്തു തന്നെ വക്കുക.
പോരാട്ടത്തിനായി കോർത്ത കൈകൾ അഴിയാതിരിക്കുക.
ഇനിയാണ് കൂടുതൽ ദുഷ്കരം.
നമുക്കു നമ്മളെങ്കിലും ഉണ്ടാവണം പ്രിയപ്പെട്ടവരേ.
മുന്നോട്ട്.
Post Your Comments