പോളിറ്റ് ബ്യൂറോ മെമ്പറുടെ സാന്നിധ്യത്തിൽ ഇന്നലെ തിരുവനന്തപുരത്ത് ‘മെഗാ തിരുവാതിരക്കളി’യെ വിമർശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കത്തിയിൽ പിടഞ്ഞു മരിച്ച എസ്.എഫ്.ഐ പ്രവർത്തകന്റെ ചിത അടങ്ങും മുൻപേ തിരുവന്തപുരത്ത് മെഗാ തിരുവാതിര നടത്തിയ സി.പി.എമ്മിന്റെ നടപടിയെയാണ് ശാരദക്കുട്ടി വിമർശിച്ചത്.
‘കല്യാണ മണ്ഡപം ഓപറേഷൻ തീയേറ്റർ .. കല്യാണ മണ്ഡപം ഓപറേഷൻ തീയേറ്റർ .. ആദരാഞ്ജലികൾ ..പ്രതിഷേധം.. പ്രതിഷേധം .. മെഗാ തിരുവാതിര.. ആദരാഞ്ജലികൾ .. മെഗാ തിരുവാതിര എല്ലാമെല്ലാം കാലത്തിന്നിന്ദ്രജാലങ്ങൾ. സംസ്കൃതത്തിൽ തന്നെയാകട്ടെ എന്റെ പ്രതിഷേധവും, ‘അനൗചിത്യാദൃതേ നാന്യത് രസഭംഗസ്യ കാരണം’, ശാരദക്കുട്ടി ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, സി.പി.എമ്മിന്റെ നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. ‘ഒരു ഭാഗത്ത് സിപിഎമ്മിലെ സൈബർ മഹിളകളുടെ ഏങ്ങിക്കരച്ചിലുകൾ, വൈകാരിക മെലോഡ്രാമകൾ, തെറിവിളികൾ, പ്രതിരോധമല്ല പ്രതികരണമാണ് വേണ്ടത് എന്നൊക്കെപ്പറഞ്ഞുള്ള കലാപാഹ്വാനങ്ങൾ. മറുഭാഗത്ത് സിപിഎമ്മിലെ ജനാധിപത്യ മഹിളകളുടെ തിരുവാതിരക്കളി. കൂടെ കയ്യടിച്ചാസ്വദിക്കാൻ പോളിറ്റ് ബ്യൂറോ അംഗം വരെയുള്ള ഉയർന്ന നേതാക്കളും’, വി.ടി ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു.
‘ധീരജ് മരിച്ചശേഷം കണ്ണൂരില്‍ രക്തസാക്ഷി മണ്ഡപം പണിയാന്‍ ഭൂമി വാങ്ങാനാണ് സിപിഎമ്മുകാര്‍ ആദ്യം പോയത്. രക്തസാക്ഷിത്വം ആഹ്ലാദമാക്കാനാണ് കമ്യൂണിസ്റ്റുകാര്‍ക്ക് താല്‍പര്യം.സംസ്ഥാനത്ത് അക്രമം അരങ്ങേറുമ്പോള്‍ പോലീസിന് അനക്കമില്ല. പോലീസുകാര്‍ സിപിഎമ്മിന്റെ കിങ്കരന്മാര്‍ ആയിരിക്കുന്നു. വിലാപ യാത്ര നടക്കുമ്പോള്‍ സിപിഎം മുതിര്‍ന്ന നേതാവ് എം എ ബേബി ഉള്‍പ്പെടെയുള്ളവര്‍ തിരുവനന്തപുരത്തു മെഗാ തിരുവാതിര നടത്തി ആഘോഷിച്ചു’, കെ സുധാകരൻ വിമർശിച്ചു.
കുത്തനെ കൊവിഡ് കേസുകൾ ഉയരുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സർക്കാർ ആൾക്കൂട്ടങ്ങൾക്ക് കർശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാൽ, തിരുവനന്തപുരത്ത് അഞ്ഞൂറിലേറെ പേർ പങ്കെടുത്ത സമൂഹ തിരുവാതിരയാണ് സിപിഎം സംഘടിപ്പിച്ചത്. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശ്ശാലയിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്.
Post Your Comments